SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.42 PM IST

ഓപ്പറേഷൻ തൂഫാനുമായി കൈകോർത്ത് കേരളകൗമുദിയും യു.ജി.എസും

ugs
കേരളകൗമുദിയും യു.ജി.എസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലഹരിവിമുക്ത കേരളം' കാമ്പയിന്റെ ലോഗോ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല യു.ജി.എസ് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ടിന് കൈമാറി പ്രകാശനം ചെയ്യുന്നു. മഞ്ഞളാംകുഴി അലി എം.എൽ.എ, കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി, മണ്ണാർക്കാട് ലേഖകൻ കൃഷ്ണദാസ് കൃപ സമീപം.

മലപ്പുറം: വിദ്യാർത്ഥി സമൂഹത്തെ ലഹരിയുടെ കെണികളിൽ നിന്ന് രക്ഷിക്കാൻ കേരളകൗമുദിയും പ്രമുഖ ധനകാര്യ സ്ഥാപനമായ അർബൻ ഗ്രാമീൺ സൊസൈറ്റിയും (യു.ജി.എസ്) ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ലഹരിവിമുക്ത കേരളം' കാമ്പയിന്റെ നാലാം എഡിഷൻ ലോഗോ പ്രകാശനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങിൽ യു.ജി.എസ് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ടിന് ആഭ്യന്തര വകുപ്പ് മന്ത്രി ലോഗോ കൈമാറി.

ലഹരിയെന്ന വിപത്തിനെതിരെ വാർത്തകൾ നൽകുന്നതിനപ്പുറം സമൂഹത്തിൽ നേരിട്ടിറങ്ങി ബോധവത്കരണം നടത്താൻ കേരളകൗമുദി കാണിക്കുന്ന ആർജ്ജവം അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. പൊലീസും എക്‌സൈസ് വകുപ്പും മാത്രം വിചാരിച്ചാൽ ലഹരിയെ പൂർണ്ണമായി തുടച്ചുനീക്കാനാകില്ല. അതിന് കേരളകൗമുദിയെപ്പോലെയുള്ള മാദ്ധ്യമങ്ങളും യു.ജി.എസിനെപ്പോലെയുള്ള സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനങ്ങളും പൊതുജനങ്ങളും കൈകോർക്കണം. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള കേരളകൗമുദിയുടെ ഇടപെടൽ നാളത്തെ തലമുറയെ കാത്തുസൂക്ഷിക്കുമെന്നതിൽ സംശയമില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുക എന്നത് യു.ജി.എസ് ഗ്രൂപ്പിന്റെ ലക്ഷ്യമാണെന്ന് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ട് പറഞ്ഞു. കേരളകൗമുദിയുടെ ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. വിദ്യാർത്ഥികളെയും യുവതലമുറയെയും ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കാനുള്ള പോരാട്ടത്തിന് യു.ജി.എസ് മുന്നിലുണ്ടാവുമെന്നും അജിത് പാലാട്ട് പറഞ്ഞു.

പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ കൂടി പിന്തുണയോടെയാണ് കേരളകൗമുദിയുടെ കാമ്പയിൽ മുന്നോട്ടുപോകുന്നത്. ലഹരി വിപത്തിനെതിരെ വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും ശക്തമായ പ്രതിരോധം തീർക്കാൻ ഇത്തവണ യു.ജി.എസുമായുള്ള സഹകരണം കൂടുതൽ ഊർജ്ജം പകരുമെന്ന് കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി പറഞ്ഞു. വരുംദിവസങ്ങളിൽ വിദ്യാലയങ്ങളിൽ വിപുലമായ ബോധവത്കരണ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത എം.എൽ.എമാരായ മഞ്ഞളാംകുഴി അലിയും വി.എസ്.ജോയിയും ബോധവത്കരണ പരിപാടികൾക്ക് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL