SignIn
Kerala Kaumudi Online
Friday, 30 October 2026 5.31 AM IST

മഞ്ചേരി മെഡിക്കൽ കോളേജ് സെൻട്രൽ ലാബിൽ പരിശോധനകൾ മുടങ്ങി

റീഏജന്റ് ക്ഷാമം രൂക്ഷം; കുടിശ്ശിക ഒരുകോടിയിലേറെ


മഞ്ചേരി: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെൻട്രൽ ലാബിൽ റീഏജന്റുകൾക്കും പരിശോധനാ കിറ്റുകൾക്കും ക്ഷാമം രൂക്ഷമായതോടെ വിവിധ രോഗനിർണയ പരിശോധനകൾ തടസ്സപ്പെട്ടു. ഹൃദ്രോഗം, വൃക്ക, കരൾ രോഗങ്ങൾ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളാണ് മുടങ്ങിയത്. ലിപിഡ് പ്രൊഫൈൽ പരിശോധനകൾ നിലച്ചതോടെ കൊളസ്‌ട്രോൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവരും പ്രതിസന്ധിയിലായി.

ആശുപത്രിയിലെത്തുന്ന നിർധന രോഗികൾക്ക് വലിയ തുക ചെലവഴിച്ച് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളെയാണ് പ്രതിസന്ധി കൂടുതൽ ബാധിക്കുന്നത്.

പരിശോധനയ്ക്കുള്ള രാസഘടകങ്ങളടങ്ങിയ റീഏജന്റുകൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക ഒരുകോടി രൂപ കവിഞ്ഞതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. മിക്ക കമ്പനികളും വിതരണം ഗണ്യമായി കുറച്ചതോടെ റീഏജന്റുകൾക്ക് പുറമേ ബയോകിറ്റുകളും ലഭ്യമല്ലാതായി.

പ്രതിസന്ധി നീണ്ടാൽ രക്തപരിശോധനകൾ ഉൾപ്പെടെ കൂടുതൽ പരിശോധനകൾ മുടങ്ങുമെന്ന് ആശങ്കയുണ്ട്. രോഗനിർണയം വൈകുന്നത് ചികിത്സയെയും ബാധിച്ചേക്കാം.

ദുരൂഹത

  • പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്ന ലാബിൽ പരിശോധനകൾക്കാവശ്യമായ സാമഗ്രികൾ വിതരണം ചെയ്ത കമ്പനികൾക്ക് ഇത്രയധികം തുക കുടിശ്ശികയാകുന്നത് എന്തുകൊണ്ടെന്ന് ചോദ്യമുയരുന്നുണ്ട്.
  • ബില്ലുകൾ ബോധപൂർവം വൈകിപ്പിക്കുന്നുവെന്ന ആരോപണവുമുണ്ട്.
  • റീഏജന്റ് ക്ഷാമത്തിന്റെ മറവിൽ രോഗികളെ പുറത്തുള്ള സ്വകാര്യ ലാബുകളിലേക്ക് അയക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഇക്കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തണമെന്ന് ആവശ്യമുണ്ട്.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL