മലപ്പുറം: ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവവും കുറ്റിപ്പുറം റീജിയണൽ വി.എച്ച്.എസ്.ഇ സ്‌കിൽ ഫെസ്റ്റിവലും നവംബർ 3, 4, 5 തീയതികളിൽ നടക്കും. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്, ക്ലാരി ജി.യു.പി.എസ്, കോട്ടക്കൽ ജി.ആർ.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മൂന്നിന് രാവിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിൽ ശാസ്‌ത്രോത്സവം അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. പി.എം.എ.സമീർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി മുഖ്യാതിഥിയാകും. 3, 4 തീയതികളിൽ ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി മേളകളും കുറ്റിപ്പുറം റീജിയണൽ വി.എച്ച്.എസ്.ഇ സ്‌കിൽ ഫെസ്റ്റിവലും എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിൽ നടക്കും. ഇതേ ദിവസങ്ങളിൽ ഗണിതശാസ്ത്രമേള ക്ലാരി ജി.യു.പി സ്‌കൂളിൽ സംഘടിപ്പിക്കും. പ്രവൃത്തിപരിചയ മേള നവംബർ അഞ്ചിന് എടരിക്കോട് പി.കെ.എം.എം.എച്ച്.എസിൽ നടക്കും. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രനാടക മത്സരം നാളെ കോട്ടക്കൽ ജി.ആർ.എച്ച്.എസ്.എസിൽ അരങ്ങേറും. സമാപന സമ്മേളനം അഞ്ചിന് വൈകിട്ട് പി.എം.എ. സമീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.കെ.അസ്‌ലു അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ ഡി.ഡി.ഇ സലാവുദ്ദീൻ പുല്ലത്ത്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഇ.ഷറഫുദ്ദീൻ, ജൂനിയർ സൂപ്രണ്ട് കെ.രവികുമാർ, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ എ.വി.ഹരീഷ്, എം.സി.ദേവൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |