SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

മലപ്പുറത്ത് ഡെങ്കിപ്പനി ഭീഷണി; ഒരാഴ്ചയ്ക്കിടെ 13 പേർക്ക് രോഗബാധ

മലപ്പുറം: ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഒരാഴ്ചയ്ക്കിടെ 85 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതിൽ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. എ.ആർ. നഗർ, പുറത്തൂർ, തൃക്കലങ്ങോട്, മങ്കട, കാവന്നൂർ, ചേലേമ്പ്ര, പരപ്പനങ്ങാടി, വെട്ടക്കോട്, കരുവാരക്കുണ്ട്, മുതുവല്ലൂർ, കാളികാവ് എന്നിവിടങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്. കൊതുകുകളുടെ പ്രജനനം തടയുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണമെന്നും പനി ലക്ഷണങ്ങളുള്ളവർ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. ഒക്ടോബർ 31 മുതൽ നവംബർ ആറ് വരെയുള്ള ഏഴു ദിവസങ്ങളിൽ 10,010 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ഒ.പി ചികിത്സ തേടിയത്.


ഉറവിടങ്ങൾ നശിപ്പിക്കണം

  • ഡെങ്കിപ്പനി വ്യാപനം തടയാൻ കൊതുകുകളുടെ പ്രജനന ഉറവിടങ്ങൾ ഇല്ലാതാക്കുകയാണ് പ്രധാനം.
  • വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.
  • ചിരട്ടകൾ, പഴയ ടയറുകൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ തുടങ്ങിയവ നീക്കം ചെയ്യണം.
  • വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കുകയും പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം

ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം
പനി, കടുത്ത തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറെ സമീപിക്കണം. വയറുവേദന, തുടർച്ചയായ ഛർദ്ദി, രക്തസ്രാവം, കടുത്ത ക്ഷീണം തുടങ്ങിയവ ഡെങ്കിപ്പനി ഗുരുതരമാകുന്നതിന്റെ സൂചനകളാകാം. ഇത്തരം ലക്ഷണങ്ങൾ അവഗണിക്കാതെ അടിയന്തര ചികിത്സ ഉറപ്പാക്കണം. കൊതുക് കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളും പരിസരശുചിത്വവും ഒരുപോലെ പ്രധാനമാണ്. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പിന്റെ ഇടപെടലുകൾക്കൊപ്പം ജനകീയ പങ്കാളിത്തവും അനിവാര്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL