SignIn
Kerala Kaumudi Online
Sunday, 08 November 2026 3.01 AM IST

അഞ്ച് അരുമകൾ നഷ്ടമായി, രണ്ട് പശുക്കളെ സമ്മാനിച്ച് മന്ത്രി

കൊല്ലം: മിന്നലേറ്റ് നാല് കറവ പശുക്കളെയും ഒരു കാളക്കിടാവിനെയും നഷ്ടമായ ക്ഷീര കർഷകനായ കടവൂർ കണ്ണമ്പലത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർക്ക് മണിക്കൂറുകൾക്കുള്ളിൽ രണ്ട് സുന്ദരി പശുക്കളെ സമ്മാനിച്ച് മന്ത്രി ബിന്ദുകൃഷ്ണ. ഉണ്ണിക്കൃഷ്ണൻ നായരുടെ സങ്കടമറിഞ്ഞ് കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സ്പോൺസർ ചെയ്ത രണ്ട് പശുക്കളെയാണ് മന്ത്രി ഇന്നലെ അദ്ദേഹത്തിന്റെ വസതിയിലെത്തി കൈമാറിയത്.

മക്കളെപ്പോലെയാണ് ഉണ്ണിക്കൃഷ്ണൻ നായർ പശുക്കളെ വളർത്തിയിരുന്നത്. എല്ലാ പശുക്കൾക്കും അദ്ദേഹം വാത്സല്യത്തോടെ ഓരോ പേരും ഇട്ടിരുന്നു. അതിൽ കിങ്ങിണിയും ഗൗരിയും സുന്ദരിയും മീനുക്കുട്ടിയും സുന്ദരം എന്ന് വിളിച്ചിരുന്ന കാളക്കിടാവുമാണ് വെള്ളിയാഴ്ച് വൈകിട്ട് നാലോടെ മിന്നലേറ്റ് ചത്തത്.

71 കാരനായ ഉണ്ണിക്കൃഷ്ണൻ നായർക്ക് കുട്ടിക്കാലം മുതലെ കൃഷിയോട് വലിയ താല്പര്യമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ സ്ഥാപനത്തിലെ മാനേജർ പദവി ഉപേക്ഷിച്ച് പൂർണസമയ കർഷകനായി. കാലിത്തീറ്റയ്ക്ക് വില കൂടി വലിയ നഷ്ടമായിട്ടും അദ്ദേഹത്തിന് പശുക്കളെ ഉപേക്ഷിക്കാൻ മനസ് വന്നില്ല. നേരത്തെ പതിനാറ് പശുക്കളെ വരെ വളർത്തിയിരുന്നു. ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിൽ നിന്ന് വിരമിച്ച ഭാര്യ ഷീലാകുമാരിയുടെയും മക്കളുടെയും നിർബന്ധനത്തിന് വഴങ്ങിയാണ് പശുക്കളുടെ എണ്ണം കുറച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ഉണ്ണിക്കൃഷ്ണൻ നായർ പാൽ കൊടുക്കാൻ പോയിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ അഞ്ച് ഓമനക്കൾക്കും മിന്നലേറ്റത്. പശുക്കളുടെ കരച്ചിൽ കേട്ട് ഷീലാകുമാരി ഓടിയെത്തിയപ്പോൾ രണ്ട് പശുക്കൾ നിലത്ത് കിടക്കുകയായിരുന്നു. കരഞ്ഞുകൊണ്ടിരുന്ന രണ്ട് പശുക്കളുടെ പുറത്ത് തൊട്ടു നോക്കിയപ്പോൾ ചെറിയ തരിപ്പ് അനുഭവപ്പെട്ടു. അല്പ നേരം കഴിഞ്ഞപ്പോൾ അവയും ഒരു കിടാവും കുഴഞ്ഞുവീണു. പിന്നെ രണ്ട് പശുക്കിടാവുകൾ മാത്രമേ ജീവനോടെ തൊഴുത്തിൽ അവശേഷിച്ചിരുന്നുള്ളു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL