SignIn
Kerala Kaumudi Online
Monday, 21 September 2026 3.33 PM IST

രണ്ടാം വിള നെൽകൃഷി; ഷൊർണൂർ കൃഷിഭവന് കീഴിൽ ഉഴവ് കൂലി ലഭിക്കാതെ കർഷകർ

ഷൊർണൂർ: നഗരസഭ കൃഷിഭവനിലെ പതിനഞ്ച് പാടശേഖര സമിതികളിലെ കർഷകർക്ക് പത്ത് മാസം പിന്നിട്ടിട്ടും രണ്ടാം വിള നെൽകൃഷിയുടെ ഉഴവ് കൂലി കിട്ടിയിലെന്ന് പരാതി. ആയിരത്തിലേറെ ഏക്കർ വരുന്ന രണ്ടാം വിള നെൽകൃഷി ചെയ്ത നൂറിലേറെ കർഷകരാണ് ഇതുമൂലം ദുരിതത്തിലായത്. രണ്ടാം വിളയായ മുണ്ടകൻ കൃഷി ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഉല്പാദന മേഖലയിൽ വകയിരുത്തി നെൽ കർഷകർക്ക് ഉഴവുകൂലിയിനത്തിൽ അനുവദിക്കുന്ന സാമ്പത്തിക സഹായം ഇതുവരെ നൽകിയിട്ടില്ല. ഹെക്ടറിന്(2.5 ഏക്കറിന്) 7200 രൂപയാണ്‌ ലഭിക്കേണ്ടത്. മുൻകാലങ്ങളിൽ ഞാറ് നട്ട് ഒരു മാസത്തിനകം ലഭിക്കാറുള്ളതാണ് ഉഴവ് കൂലിയെന്ന് കർഷകർ പറയുന്നു.

നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നാണ് ഈ തുക കർഷകർക്ക് നൽകുക. 2023 ൽ ജില്ലാ വികസന സമിതിയുടെ അംഗീകാരം ലഭിച്ചിട്ടും പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥനായ കൃഷി ഫീൽഡ് ഓഫീസറുടെ നിരുത്തരവാദിത്വം മൂലം കർഷകർക്ക് തുക യഥാസമയം ലഭിച്ചില്ലെന്നും കർഷകർ കുറ്റപ്പെടുത്തുന്നു. ഫണ്ട് മാർച്ച് 31 വരെ ചെലവഴിക്കാതെ സ്പിൽ ഓവർ ആയതും തിരിച്ചടിയായി.

കൃഷി വകുപ്പിൽ നിന്ന് സുസ്ഥിര നെൽകൃഷി വികസന പദ്ധതി പ്രകാരം ലഭിക്കാറുള്ള ഹെക്ടറിനുള്ള 5500 രൂപയും ഇത്രയും മാസമായിട്ടും ലഭിച്ചിട്ടില്ല. തൊട്ടടുത്ത നഗരസഭയിലും പഞ്ചായത്തിലും ഉഴവു കൂലി ഹെക്ടറിന് 17500-18000 രൂപ ആകുമ്പോൾ ഷൊർണൂരിൽ മാത്രം വെറും 7200 രൂപയാണെന്നും കർഷകർ പരാതിപ്പെടുന്നു.

പരാതി നൽകി
2018 ലെ പ്രളയത്തിലും 2021 ലെ അതിവർഷത്തിലും കൃഷി നശിച്ച കർഷകർക്ക് ലഭിക്കേണ്ട ഇൻഷ്വറൻസ് ആനുകൂല്യവും ഇനിയും ലഭിച്ചിട്ടില്ല. കർഷകരെ കടക്കെണിയിലാക്കിയ ഷൊർണൂർ കൃഷിഭവൻ ഫീൽഡ് ഓഫീസർക്കെതിരെയും സിവിൽ സപ്ലെസ് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കാരക്കാട് പാടശേഖരസമിതി പ്രസിഡന്റ് വിജയ പ്രകാശ് ശങ്കർ, സെക്രട്ടറി സി.ബിജു എന്നിവർ കൃഷി വകുപ്പ് മന്ത്രി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി, ഷൊർണൂർ നഗരസഭ ചെയർമാൻ, ജില്ലാ കളക്ടർ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവർക്ക് പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL