ഒറ്റപ്പാലം: മുംബൈ പൊലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ഹൈക്കോടതി അഭിഭാഷകനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനു ശ്രമം. ഒറ്റപ്പാലം സ്വദേശി അഡ്വ. ആർ.പി.ശ്രീനിവാസനെയാണ് ഓൺലൈൻ തട്ടിപ്പുകാർ കുടുക്കാൻ നോക്കിയത്. അഭിഭാഷകന്റെ ബാങ്ക് അക്കൗണ്ട് വഴി 25 ലക്ഷം രൂപയുടെ നിയമ വിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നും ഇതു പരിശോധിക്കാൻ ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് രേഖകൾ എന്നിവ കൈമാറണമെന്നായിരുന്നു ആവശ്യം. മുംബൈ ഹൈക്കോടതി നിർദേശപ്രകാരമാണ് ഫോൺവിളിയെന്നും തട്ടിപ്പുകാർ വിശദീകരിച്ചു. തന്റെ അക്കൗണ്ട് വഴി ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കിയതോടെ മറ്റാരെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നായി തട്ടിപ്പുകാർ. അതിനു താൻ ഉത്തരവാദിയല്ലെന്നും രേഖകൾ ആവശ്യമെങ്കിൽ നിയമാനുസൃതം നോട്ടിസ് അയയ്ക്കണമെന്നും അഭിഭാഷകൻ വിശദീകരിച്ചു. നിയമപരമായ ബാധ്യത താങ്കൾക്കാണെന്നു തട്ടിപ്പുകാർ അറിയിച്ചതോടെ നിയമപരമായി നേരിട്ടോളാമെന്നു പറഞ്ഞാണു ഫോൺ സംഭാഷണം അവസാനിപ്പിച്ചതെന്നു ആർ.പി.ശ്രീനിവാസൻ പറഞ്ഞു. ഇംഗ്ലീഷിലായിരുന്നു സംഭാഷണമെന്നും ഫോൺ നമ്പർ സഹിതം സൈബർ പൊലീസിലും 'ചക്ഷു' പോർട്ടലിലും പരാതി നൽകിയിട്ടുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു.
ഓൺലൈൻ തട്ടിപ്പ്;
'ചക്ഷു' പോർട്ടലിലും പരാതിപ്പെടാം
സാമ്പത്തിക തട്ടിപ്പുകാരുടെ ഫോൺവിളികളും സന്ദേശങ്ങളും കേന്ദ്ര സർക്കാരിന്റെ 'ചക്ഷു' പോർട്ടലിൽ റിപ്പോർട്ട് ചെയ്യാം. ഇതു പരിഗണിച്ചാകും പൊലീസിന്റെ തുടരന്വേഷണം. ബാങ്ക് ഇടപാടുകൾ, ക്രെഡിറ്റ്, ഡെബിറ്റ്, പാൻ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകളുമായി ബന്ധപ്പെട്ട ഫോൺവിളിക ളും സന്ദേശങ്ങളും സംബന്ധിച്ച പരാതികൾ രജിസ്റ്റർ ചെയ്യാം. sancharsaathi.gov.in എന്ന യു.ആർ.എൽ സന്ദർശിച്ച് 'സഞ്ചാർ സാഥി' പോർട്ടലിൽ ലോഗിൻ ചെയ്യണം. 'സിറ്റിസൻസ് സെൻട്രിക് സർവീസസ്' എന്നതിനു താഴെ 'ചക്ഷു' ഓപ്ഷൻ തിരഞ്ഞെടുത്ത് സേവനങ്ങളുടെ വിവരങ്ങൾ പരിശോധിച്ച് 'കണ്ടിന്യു' ഓപ്ഷൻ ക്ലിക്ക് ചെയ്തു പരാതികൾ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |