മുംബയ്: സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് വ്യാജ മൊബൈൽ ആപ്പുകൾ നിർമ്മിച്ചുനൽകിയ ഗ്രാഫിക് ഡിസൈനർ അറസ്റ്റിൽ. ഇൻഡോർ സ്വദേശിയായ പങ്കജ് ഗുപ്ത (36) ആണ് അറസ്റ്റിലായത്. 2805 ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഫയലുകൾ ഇയാൾ തട്ടിപ്പുസംഘങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. അഞ്ച് വർഷം മുൻപ് ഡിജിറ്റൽ അറസ്റ്റിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട യുവാവ് പിന്നീട് കുറ്റവാളികൾക്കുവേണ്ടി പ്രവർത്തിക്കാൻ തുടങ്ങുകയായിരുന്നു.
ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കാണ് ഗുപ്ത ആപ്പുകൾ നിർമ്മിച്ച് നൽകിയത്. ഏകദേശം 150 കോടിയിലധികം വരുന്ന തട്ടിപ്പുകൾ നടത്തിയ സംഘങ്ങളുമായി ചേർന്നാണ് ഗുപ്ത പ്രവർത്തിച്ചത്. മൊബൈൽ ഫോണിലെ വിവരങ്ങൾ എളുപ്പത്തിൽ ചോർത്താനും ഫോണുകൾ വിദൂരമായി നിയന്ത്രിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനുകളാണ് ഇയാൾ നിർമ്മിച്ചുനൽകിയത്.
സർക്കാർ സേവനങ്ങളുടെ പേരിലാണ് വ്യാജ ആപ്പുകൾ തയ്യാറാക്കിയിരുന്നത്. മുതിർന്ന പൗരന്മാർക്കുള്ള കാർഡ് പരിശോധന, ഇ-ട്രാഫിക് പിഴ, പെൻഷൻ പരിശോധന, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പുതുക്കൽ, പ്രധാനമന്ത്രി കിസാൻ യോജന തുടങ്ങിയ സേവനങ്ങൾ അതിൽപ്പെടുന്നു. മുംബയിലെ ബൈക്കുള സ്വദേശിയായ വയോധികൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്. മുതിർന്ന പൗരന്മാർക്കുള്ള കാർഡ് പദ്ധതിയിലൂടെ ധനസഹായം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് 5.62 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി.
സംഭവത്തെതുടർന്ന് മുംബയ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പങ്കജ് പിടിയിലായത്. സംഘത്തിൽ ഉൾപ്പെട്ടെ മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
An Indore graphic designer was arrested for creating 2,805 fake Android apps used by cyber fraud gangs in scams worth over ₹150 crore.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |