കേരള അണ്ടർ 19 ഫുട്ബാൾ ടീമിൽ ഇടംനേടി
മണിപ്പൂരിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കും
മുതലമട: കേരള അണ്ടർ 19 പെൺകുട്ടികളുടെ ഫുട്ബാൾ ടീമിൽ ഇടം നേടി മുതലമട പറമ്പിക്കുളം കുരിയാർകുറ്റി മേലെഊരിലെ സുധി എന്നറിയപ്പെടുന്ന എം.ശ്രുതി. ഇനി ദേശീയ മത്സരങ്ങളിൽ പങ്കെടുക്കും. പറമ്പിക്കുളം സ്വദേശികളായ മുരുകന്റെയും ശാന്തിയുടെയും മൂന്ന് മക്കളിൽ മൂത്തവളായ ശ്രുതി എൽ.പി സ്‌കൂളിൽ പഠിക്കുമ്പോഴേ കായിക മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മലമ്പുഴ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുമ്പോഴും ഇഷ്ട മത്സരയിനം 100 മീറ്റർ ഓട്ടമാണ്. തുടർന്ന് തിരുവനന്തപുരം വെള്ളായണി അംബേദ്കർ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ ചേർന്നതാണ് വഴിത്തിരിവായത്. സ്‌കൂളിലെ ഫുട്ബാൾ കോച്ച് ആന്റണിയാണ് ശ്രുതിയുടെ ഓട്ടത്തിലുള്ള മികവ് തിരിച്ചറിഞ്ഞ് ഫുട്ബാളിൽ ചേരാൻ നിർദ്ദേശിച്ചത്. ഫുട്ബാൾ ഇനത്തിൽ സ്‌കൂൾ ടീമിലെത്തിയ ശ്രുതി ഫീൽഡിലും സ്റ്റോപ്പർ ബാക്കിലും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെയാണ് തിരുവനന്തപുരം ജില്ലാ ടീമിലേക്ക് സെലക്ഷൻ കിട്ടിയത്. അവിടെയും മികച്ച പ്രകടനം കാഴ്ചവച്ചതോടെ സംസ്ഥാന ടീമിലേക്ക് വിളിയെത്തിയത്. മണിപ്പൂരിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് ശ്രുതിയുടെ പ്രതീക്ഷ. സർക്കാർ ജോലി നേടുകയും കുഞ്ഞനുജത്തിമാർ ഉൾപ്പെടുന്ന കുടുംബത്തിനു തുണയാവുകയുമാണ് ശ്രുതിയുടെ ഇനിയുള്ള ലക്ഷ്യം. നിലവിൽ തിരുവനന്തപുരം വെള്ളായണി അംബേദ്കർ സ്‌പോർട്സ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രുതി. ചാലക്കുടി മോഡൽ റസിഡൻസ് സ്‌കൂളിലെ വിദ്യാർഥിനികളായ അനുജത്തിമാർ മിത്ര ആറാം ക്ലാസിലും, മീഘ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |