ചെർപ്പുളശേരി: മുണ്ടൂർ-തൂത റോഡ് നവീകരണത്തിലെ മണ്ണ് തൂത പുഴയിൽ കൊണ്ട് വന്നിടുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. 2023 ൽ ഇതു പോലെ മണ്ണ് കൊണ്ട് വന്ന് പുഴയിലിട്ടിരുന്നു. പിന്നീട് മഴക്കാലത്ത് ഒഴുകി പോവുകയാണ് ചെയ്തത്. സമാനമായ സംഭവമാണ് ഇപ്പോഴും നടത്തുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. പുഴയിൽ മണ്ണിനോടൊപ്പം പാഴ് വസ്തുക്കളും മാലിന്യങ്ങളും തള്ളുന്നുണ്ടെന്നും സ്വാഭാവിക നീരൊഴുക്കിനും കുടിവെള്ളത്തിനും ഇത് ഭീഷണിയാണെന്നും അഭിപ്രായമുണ്ട്. നിരവധി ചെറുകിട കുടിവെള്ള പദ്ധതികളാണ് തൂത പുഴയെ ആശ്രയിച്ച് നീങ്ങുന്നത്. ആരാധനാലയങ്ങളിൽ നിന്നും പുഴയിലേക്കിറങ്ങുന്നിടത്തെല്ലാം ചെളി നിറഞ്ഞ അവസ്ഥയാണ്. കരാറുകാരെ സഹായിക്കാനാണ് പാലം പണിയുടെ പേര് പറഞ്ഞ് മണ്ണ് തള്ളുന്നതെന്നും ബന്ധപെട്ടവരുടെ ശ്രദ്ധയിൽ വിഷയം കൊണ്ട് വരുമെന്നും നാട്ടുകാർ പറഞ്ഞു.
പുതിയ പാലം പണി ഉടൻ തുടങ്ങും
മുണ്ടൂർ-തൂത റോഡിൽ തൂതപുഴക്ക് കുറുകെ പുതിയ പാലം പ്രവർത്തി ഉടൻ തുടങ്ങും. മുണ്ടൂർ-തൂത പാതയുടെ നവീകരണ പ്രവർത്തി അവസാന ഘട്ടത്തിലാണ്. പാലം പണി തുടങ്ങുന്നതിന്റെ ഭാഗമായി യന്ത്രങ്ങളും മറ്റ് സാമഗ്രികളും എത്തിക്കാൻ പുഴയിലേക്ക് പുതിയ അപ്രോച്ച് റോഡിന്റെ പ്രവർത്തി തുടങ്ങി. മണ്ണ് കൊണ്ടാണ് താത്ക്കാലിക റോഡ് നിർമ്മാണം നടത്തുന്നത്. പാലം നിർമ്മാണത്തിന് വേണ്ടി തൊഴിലാളികളും യന്ത്ര സാമഗ്രികളും എത്തിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചു.
പാലം പണിയുടെ പേരിൽ വർഷങ്ങളായി റോഡ് പ്രവർത്തിയുടെ മാലിന്യം കൊണ്ട് വന്ന് പുഴയിൽ തള്ളുക മാത്രമാണ് ചെയ്യുന്നത്. ഇത് മഴക്കാലത്ത് ഒഴുകി പോവും. വീണ്ടും ഇത് തന്നെ ആവർത്തിക്കുകയാണ്. ഇത് കുടിവെള്ള പദ്ധതികളെ ബാധിക്കും. ബന്ധപെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
ഹുസൈൻ കരിങ്കറ, പൊതു പ്രവർത്തകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |