പോത്തുണ്ടി ഡാം ഷട്ടർ തകരാർ
നെന്മാറ: പോത്തുണ്ടി ഡാം വെള്ളം വാലറ്റ പ്രദേശങ്ങളിലെത്തുന്നില്ലെന്നു കർഷകരുടെ പരാതി. അണക്കെട്ടിലെ ഷട്ടർ തകരാറിലായതിനെ തുടർന്ന് 20 ദിവസം കഴിഞ്ഞിട്ടും വെള്ളമെത്താത്തതിനെ തുടർന്നാണ് നെൽപ്പാടങ്ങൾ വീണ്ടു കീറി ഉണക്ക് ഭീഷണിയിലായത്. തിരുവഴിയാട്, തട്ടാൻപാറ, മങ്ങാട്ടുപാടം, അയിലൂരിലെ പുതുച്ചി, ചീതാവ്, പാലമുക്ക്, വണ്ടാഴി പഞ്ചായത്തിലെ തണ്ടലോട്, ആന്തൂർ കുളമ്പ് പ്രദേശങ്ങളിലും വെള്ളം ലഭിക്കാതെ നെൽപ്പാടങ്ങൾ വിണ്ടു കീറി തുടങ്ങി. പോത്തുണ്ടി ഇടതുകര കനാൽ ഷട്ടറിന്റെ തകരാർ പൂർണ്ണമായി പരിഹരിച്ച് കൂടുതൽ അളവിൽ വെള്ളം വിടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. അടുത്ത ഘട്ടം ജലവിതരണത്തിനുള്ള ഇടവേളയിൽ ഷട്ടറിന്റെ തകരാർ പൂർണ്ണമായി പരിഹരിക്കാനുള്ള നടപടികളാണ് ജലസേചന വകുപ്പ് എടുത്തു വരുന്നത്. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് കുറയുന്നതോടെ മർദ്ദം കുറയുന്നത് മൂലം കനാലുകളിലൂടെയുള്ള ഒഴുക്കിന്റെ ശക്തിയും കുറയുന്നതാണ് വാലറ്റങ്ങളിൽ വെള്ളം എത്താൻ വൈകുന്നത്. മൂന്നാംഘട്ട ജലവിതരണത്തിന് ഡാം തുറക്കാൻ തയ്യാറാവുന്ന സമയത്താണ് ഷട്ടർ തകരാറിലായത്. പാലക്കാട് നിന്ന് മെക്കാനിക്കൽ വിഭാഗവും മുങ്ങൽ വിദഗ്ധരും എത്തിയെങ്കിലും ഡാം ഷട്ടർ ഭാഗികമായേ തുറക്കാൻ കഴിഞ്ഞിട്ടുള്ളു. ഇതാണ് ജലവിതരണ ക്രമീകരണത്തിന്റെ താളം തെറ്റാൻ ഇടയാക്കിയത്.
ജലവിതരണം വൈകി
ജലവിതരണ കലണ്ടർ പ്രകാരം നിശ്ചയിച്ച ദിവസത്തിൽ നിന്ന് അഞ്ചുദിവസത്തോളം വൈകിയാണ് മൂന്നാം ഘട്ടം ജലവിതരണം ആരംഭിക്കാൻ കഴിഞ്ഞത്. ഇതോടെ രണ്ടാംഘട്ടം ഷട്ടർ അടച്ചതിനു ശേഷം 20 ദിവസത്തിലേറെ വാലറ്റ പ്രദേശങ്ങളിൽ വെള്ളം കിട്ടാൻ വൈകി. അണക്കെട്ടിലെ ഷട്ടർ തകരാർ മൂലം 70 സെന്റീമീറ്റർ വരെ മാത്രമേ ഇപ്പോൾ വെള്ളം വിതരണത്തിനായി ഷട്ടർ തുറക്കാൻ കഴിഞ്ഞിട്ടുള്ളൂ. 90 സെന്റീമീറ്റർ എങ്കിലും ഉയർത്തിയാലേ എല്ലാ ബ്രാഞ്ചുകൾ കനാലുകളിലൂടെയും ഒരേസമയം കൂടുതൽ അളവിൽ ജലവിതരണം നടത്തി ഉണക്ക് ഭീഷണി ഒഴിവാക്കാൻ കഴിയുകയുള്ളൂ എന്നാണ് കർഷക പ്രതിനിധികൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |