
ഷൊർണൂർ: വേനലെത്തുമ്പോഴേക്കും വെള്ളത്തിനായി പരക്കംപായുകയാണ് ജില്ലയിലെ അഗ്നിശമനസേന യൂണിറ്റുകൾ. വേനൽ കാലത്ത് തീപിടിത്തവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഫോൺ വിളികളെത്തുന്ന നിലയമാണ് ഷൊർണൂരിലേത്. നിലവിൽ ജലഅതോറിറ്റിയുടെ വെള്ളം ലഭ്യമാണെങ്കിലും ഇടയ്ക്കിടെയുള്ള പൈപ്പ് പൊട്ടലും മോട്ടർ തകരാറുമാണ് തിരിച്ചടിയാകുന്നത്.
അടിയന്തര സാഹചര്യത്തിൽപോലും ദ്രുതഗതിയിൽ പ്രശ്നം പരിഹരിക്കാൻ ജലഅതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഷൊർണൂർ നഗരസഭ പ്രദേശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഹൈഡ്രന്റ് സ്ഥാപിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ജലഅതോറിറ്റിയുടെ പൈപ്പുകൾ തകരാറിലാകുമ്പോൾ അഗ്നിശമനസേന വെള്ളത്തിനായി മറ്റുമാർഗം തേടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഷൊർണൂർ, ഒറ്റപ്പാലം, ചെർപ്പുളശേരി നഗരസഭകളും 10 പഞ്ചായത്തുകളും ഷൊർണൂർ അഗ്നിശമന യൂണിറ്റിന് കീഴിലാണുള്ളത്. തൃശൂർ ജില്ലയുടെ ചെറുതുരുത്തി പോലുള്ള പ്രദേശങ്ങൾക്കും ഷൊർണൂരിൽ നിന്നുള്ള യൂണിറ്റാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഒരു വർഷത്തിൽ 350 ലധികം ഫോൺ വിളികളാണ് ഇവിടെ എത്തുന്നത്. ഇതിൽ 200 ൽ അധികം ഫോൺ വിളികളും ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ്. നാളിതുവരെ ജലഅതോറിറ്റിയെ മാത്രം ആശ്രയിച്ചതിന് രണ്ടു ലക്ഷത്തിലധികം രൂപയുടെ കുടിശികയും നിലവിലുണ്ട്. 50 ഉദ്യോഗസ്ഥരുള്ള അഗ്നിരക്ഷാ നിലയത്തിൽ അവരുടെ ആവശ്യങ്ങൾക്കായി കുഴൽ കിണറിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
ഇൻഫ്‌ളേറ്റർ ടവർ ലൈറ്റ് ഒന്നുമാത്രം
രാത്രി നേരങ്ങളിൽ ജലാശയങ്ങൾ, കിണറുകൾ എന്നിവയിൽ ആളുകൾ അകപ്പെടുമ്പോൾ അവരെ രക്ഷപ്പെടുത്താൻ ചിലപ്പോൾ മണിക്കൂറുകൾ എടുക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ട ഇൻഫ്‌ളേറ്റർ ടവർ ലൈറ്റ് ഒരെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നത്. ഒരേ സമയം രണ്ട് ഭാഗങ്ങളിലേക്ക് ആവശ്യമായി വന്നാൽ ടോർച്ച്, എമർജൻസി ലൈറ്റ് പോലുള്ള മറ്റ് വെളിച്ച സംവിധാനങ്ങളുടെ സഹായത്തോടെയാണ് പലപ്പോഴും ഇത്തരം സന്ദർഭങ്ങളെ നേരിടുന്നത്. തീ അണയ്ക്കാൻ കൊണ്ടുവരുന്ന വാഹനത്തിലെ വെള്ളം കഴിഞ്ഞാൽ വീണ്ടും ഷൊർണൂർ അഗ്നിശമന നിലയത്തിൽ എത്തി വെള്ളം നിറയ്ക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് പോർട്ടബ്ൾ പമ്പ് എത്തിച്ചത്. നിലവിൽ ഒരു പമ്പ് മാത്രമാണ് സ്റ്റേഷനിലുള്ളത്. ഒരു പമ്പ് കൂടി ലഭ്യമായാൽ എളുപ്പത്തിൽ വെള്ളം സംഭരിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |