SignIn
Kerala Kaumudi Online
Thursday, 22 October 2026 8.40 PM IST

പാലക്കാട് ദേശീയപാതയോരത്തെ മാലിന്യപ്രശ്നത്തിന് പരിഹാരമായില്ല

malinyam
ദേശീയപാതയിൽ കഞ്ചിക്കോട് മുതൽ കുരുടിക്കാട് വരെ സർവീസ് റോഡിനരികിൽ വ്യാപകമായി മാലിന്യം തള്ളിയ നിലയിൽ

കഞ്ചിക്കോട്: കോയമ്പത്തൂർ-പാലക്കാട് ദേശീയപാതയിൽ കഞ്ചിക്കോട് മുതൽ കുരുടിക്കാട് വരെ റോഡിന് ഇരുവശവും മാലിന്യക്കൂമ്പാരമാണ്. ഇവിടെ പലതവണ മാലിന്യ നിർമ്മാർജന യജ്ഞം നടത്തി പരാജയപ്പെട്ട പുതുശ്ശേരി പഞ്ചായത്ത് ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. മറ്റു പ്രദേശങ്ങളിലുള്ളവർ വാഹനങ്ങളിൽ രാത്രി മാലിന്യം കൊണ്ടുവന്ന് തള്ളിയിട്ട് പോകും. പഞ്ചായത്ത് സ്വന്തം ഫണ്ട് ഉപയോഗിച്ച് ഇവ നീക്കി റോഡരികുകൾ വൃത്തിയാക്കും. എന്നാൽ ശുചീകരണം നടത്തി പഞ്ചായത്ത് ജോലിക്കാർ പോയാൽ അന്ന് രാത്രി തന്നെ സാമൂഹ്യവിരുദ്ധർ മാലിന്യ നിക്ഷേപം തുടങ്ങും. ഒന്നോ രണ്ടോ ആഴ്ച്ചക്കുള്ളിൽ റോഡിന്റെ ഇരുവശവും പഴയതുപോലെ മാലിന്യക്കൂമ്പാരമാവുകയും ചെയ്യും. കാര്യമറിയാതെ എല്ലാവരും പഞ്ചായത്തിനെ പഴി പറയുന്നതിനാൽ മനം മടുത്ത അവസ്ഥയിലാണ് അധികൃതർ.

 എം.എൽ.എയുടെ സഹായം തേടും

ഹരിതകർമ്മ സേനയുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും തൊഴിലാളികളുടെയും സഹകരണത്തോടെ പുതുശ്ശേരി പഞ്ചായത്ത് മാലിന്യ നിർമ്മാർജന യജ്ഞം കാര്യക്ഷമമായി നടപ്പാക്കി വരികയാണ്. എന്നാൽ ദേശീയ പാതയരികിലെ മാലിന്യക്കൂമ്പാരം ക്ലീൻ പഞ്ചായത്ത് ആകുന്നതിന് ഏക തടസമായി നിൽക്കുന്നു. വാളയാർ അതിർത്തിക്കപ്പുറത്തെ തമിഴ്നാട് പ്രദേശങ്ങളിലെ മാലിന്യം പോലും ഇവിടെ കൊണ്ടുവന്ന് തള്ളുന്നുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ക്രൂശിക്കപ്പെടേണ്ടി വരുന്ന വിഷമത്തിലാണ് പഞ്ചായത്ത്. കഞ്ചിക്കോട് മുതൽ കുരുടിക്കാട് വരെ സർവ്വീസ് റോഡുകൾ കൂടി പരിധിയിൽ വരും വിധം സി.സി.ടി.വി സ്ഥാപിച്ചാൽ മാത്രമെ പ്രശ്നത്തിന് പരിഹാരം കാണാനാവുകയുള്ളു. സി.സി.ടി.വി നിരീക്ഷിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയാൽ പിന്നീടിത് ആവർത്തിക്കപ്പെടില്ല. ഇതിനായി സ്ഥലം എം.എൽ.എയുടെയും സർക്കാരിന്റെയും സഹായം തേടാനുള്ള ആലോചനയിലാണ് പഞ്ചായത്ത്. രാത്രി കാവലിന് ആളെ നിറുത്തണമെന്ന ആവശ്യവും ഉയർന്നെങ്കിലും പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. കിലോമീറ്ററുകൾ നീണ്ട് കിടക്കുന്ന ദേശീയപാത ആയതിനാൽ ഒരുപാട് പേരെ നിയോഗിക്കേണ്ടി വരും. എന്തായാലും മാലിന്യപ്രശ്നം ചർച്ച ചെയ്യാൻ എം.എൽ.എയെ കൂടി പങ്കെടുപ്പിച്ച് വിപുലമായ യോഗം വിളിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL