SignIn
Kerala Kaumudi Online
Thursday, 22 October 2026 11.33 PM IST

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗിന് ഇടമില്ലാതെ ടാക്സി കാറുകളും ഓട്ടോറിക്ഷകളും

railway

ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകൾക്കും ടാക്സി കാറുകൾക്കും പാർക്കിംഗ് സ്ഥലം തീരുമാനമായില്ല. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കോടികൾ ചെലവഴിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. വികസന പ്രവർത്തനങ്ങൾക്കായി വെറുതെ കിടന്ന സ്ഥലങ്ങളെല്ലാം റെയിൽവേ ചതുപ്പ് നിലം ഉൾപ്പെടെ നിരപ്പാക്കി ടൈൽസ് പതിച്ച് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇടമൊരുക്കിയത് ഷൊർണൂരിന്റെ റെയിൽവേയുടെ മുഖഛായ തന്നെ മാറ്റിയിരിക്കുകയാണ്. കാറിന് 100 രൂപയും, ബൈക്കിന് 30 രൂപയുമാണ് പാർക്കിംഗ് നിരക്ക്. വെറുതെ കിടന്ന സ്ഥലം വരുമാന മാർഗ്ഗമാക്കിയത് റെയിൽവേയുടെ വരുമാനവർദ്ധനവിന് കാരണമായി. അതിനിടക്ക് റെയിൽവേ സ്റ്റേഷനിലെ ടാക്സി കാറുകളേയും ഓട്ടോറിക്ഷകളേയും റെയിൽവേ വഴിയാധാരമാക്കിയിരിക്കുകയാണ്. അവ നിർത്തിയിടാൻ പാർക്കിൽ ഇടമില്ല.

വികസന പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഈ വാഹനങ്ങളെ റെയിൽവെ സ്റ്റേഷന് മുന്നിൽ റോഡരികിൽ നിറുത്തിയിടാൻ പൊലീസ് അനുവദിക്കുകയുമില്ല. ഈ വാഹനങ്ങൾ തീവണ്ടിയാത്രക്കാർക്ക് ഉപയോഗപ്പെടണമെങ്കിൽ റെയിൽവേ സ്റ്റേഷനടുത്ത് തന്നെ നിർത്തിയിടാൻ ഇടം ലഭിക്കണം. റെയിൽവേ സ്റ്റേഷന് മുന്നിൽ പാർക്കിംഗ് സൗകര്യമുള്ള മുഴുവൻ സ്ഥലത്ത് നിന്നും വാടക പിരിക്കാൻ റെയിൽവേ കരാറുകാരനെ ഏർപ്പെടുത്തിക്കഴിഞ്ഞു.

നവീകരണ പ്രവർത്തനത്തിൽ പാർക്കിംഗിന് ഇടമില്ലാതായി

എല്ലാ റെയിൽവേ സ്റ്റേഷനിലും ടാക്സി കാറുകൾക്കും ഓട്ടോകൾക്കും നിർത്തിയിടാൻ റെയിൽവേ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഷൊർണൂരിലും ആ സൗകര്യമുണ്ടായിരുന്നു. വർഷത്തിൽ കാറുകൾക്ക് 4000 രൂപയും ഓട്ടോകൾക്ക് 2000 രൂപയും ആയിരുന്നു വാർഷിക ഫീസായി റെയിൽവേ ഈടാക്കിയിരുന്നത്.

റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനം ആരംഭിച്ചതോടെ ടാക്സി കാറുകൾക്കും ഓട്ടോകൾക്കും നിർത്തിയിടാൻ പ്രത്യേക ഇടമില്ലാതായി. റോഡരുകിലാണ് നിറുത്തിയിടുന്നത്. അത് കൊണ്ട് റെയിൽവേ ഫീസ് ഈടാക്കുന്നുമില്ല.

റെയിൽവേ കണ്ടു വെച്ച സ്ഥലത്ത് ഇനി സ്ത്രീകൾക്കുള്ള ലോഡ്ജ്

റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിനും വാഹന പാർക്കിംഗിനുമിടയിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ 14 സെന്റ് സ്ഥലം കിടപ്പുണ്ട്. ആ സ്ഥലം ഏറ്റെടുക്കാൻ റെയിൽവേ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചിട്ടില്ല. ആ സ്ഥലമാണത്രെ സ്റ്റേഷനിലെ ടാക്സി കാറുകൾക്കും ഓട്ടോകൾക്കും പാർക്കിംഗിനായി റെയിൽവേ കണ്ടു വെച്ചിരുന്നതെന്ന് പറയുന്നു. എന്നാൽ ആ പതിനാല് സെന്റ് സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് സ്ത്രീകൾക്കായി ലോഡ്ജ് നിർമ്മിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ റെയിൽവേ സ്റ്റേഷനെ ആശ്രയിച്ച് ജീവിക്കുന്ന 18 കാറുകളടേയും, 80 ഓട്ടോകളുടേയും ഡ്രൈവർമാർ വലിയ പ്രതിസന്ധിയിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL