SignIn
Kerala Kaumudi Online
Thursday, 22 October 2026 8.42 PM IST

ചൂട് കൂടുന്നു, മണ്ണാർക്കാട് തീ പിടിത്തം വർദ്ധിക്കുന്നു

fire
fire

 ജനുവരിയിൽ മാത്രം 34 തീപിടിത്തങ്ങൾ

 കൂടുതൽ തീപിടിത്തം തെങ്കര പഞ്ചായത്തിൽ

മണ്ണാർക്കാട്: വേനലിന്റെ തുടക്കത്തിലേ ചൂടുകൂടിയതോടെ മണ്ണാർക്കാട് താലൂക്കിൽ തീപിടുത്തങ്ങൾ വർദ്ധിക്കുന്നു. ഉണക്കപ്പുല്ലിനും അടിക്കാടിനും തീപിടിക്കുന്നതാണ് കൂടുതലും. ജനുവരിയിൽ മണ്ണാർക്കാട് അഗ്നിരക്ഷാനിലയ പരിധിയിൽ ചെറുതും വലുതുമായ 34 തീപിടിത്തങ്ങളാണ് ഉണ്ടായത്. 25 ഇടങ്ങളിൽ പുല്ലിന് തീപിടിച്ചു. ഒരു തെങ്ങ് കത്തി. വീട്/ കെട്ടിടങ്ങൾക്ക് തീപിടിച്ച നാല് സംഭവങ്ങൾ, രണ്ട് വീതം പുകപ്പുരകളും രണ്ട് വാഹനങ്ങളും അഗ്നിബാധയിൽ നശിച്ചതായാണ് മണ്ണാർക്കാട് അഗ്നിരക്ഷാസേനയുടെ കണക്ക്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്. തെങ്കര, കാഞ്ഞിരപ്പുഴ, കുമരംപുത്തൂർ, കോട്ടോപ്പാടം, അലനല്ലൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ തെങ്കര പഞ്ചായത്തിലാണ് കൂടുതൽ. കൈതച്ചിറ മാസപ്പറമ്പിലുള്ള ഒഴിഞ്ഞ പറമ്പിൽ മൂന്ന് തവണയോളം തീപിടിത്തമുണ്ടായി. പലയിടങ്ങളിലും ശക്തമായ കാറ്റ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ കാരണമായെങ്കിലും സേനയുടെ സമയോചിതമായ ഇടപെടലാണ് മിക്കയിടങ്ങളിലും തീപിടിത്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായി.

മുൻ വർഷങ്ങളിലേതുപോലെ റബർപുകപുരകളിലുണ്ടാകുന്ന അഗ്നിബാധ ഇത്തവണയും ആവർത്തിക്കുകയാണ്. കുമരംപുത്തൂർ മൈലാംപാടത്ത് അടുക്കളയിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റിൽ നിന്നും തീപടർന്ന് വീടുകത്തിനശിച്ചിരുന്നു. ഉണങ്ങിയ ഷീറ്റുകൾ പുകപുരയിൽ നിന്നും മാറ്റിസൂക്ഷിക്കുന്ന കാര്യത്തിൽ ശ്രദ്ധപുലർത്തണമെന്ന് അഗ്നിരക്ഷാസേന നിർദേശിച്ചു.

പുഴയിലെ ജലനിരപ്പ് താഴുന്നു

വെയിലിന്റെ കാഠിന്യത്തിനൊപ്പം തീപിടിത്തങ്ങൾ വർദ്ധിക്കുന്നതിനാൽ അഗ്നിരക്ഷാ സേന അംഗങ്ങൾക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ്. അതേസമയം വട്ടമ്പലത്തെ അഗ്നിരക്ഷാനിലയത്തിന് അഗ്നിശമന പ്രവർത്തനങ്ങൾക്കുള്ള വെള്ളത്തിന്റെ സ്രോതസ് കുന്തിപ്പുഴയായതിനാൽ പുഴയിലെ ജലനിരപ്പ് താഴുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. അഗ്നിരക്ഷാസേനക്ക് വെള്ളം ശേഖരിക്കുന്നതിനായി മണ്ണാർക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഫയർ ഹൈഡ്രെൻഡുകൾ സ്ഥാപിക്കുന്നത് ഏറെ ഗുണകരമാകുമെന്ന് സേന അംഗങ്ങൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL