ഞായറാഴ്ച്ച മാത്രം ആറിടത്ത് തീ പിടിത്തം
പാലക്കാട്: വേനൽച്ചൂടിൽ നഗരം ചുട്ടുപൊള്ളുന്നതിനൊപ്പം തീപിടിത്തവും വ്യാപകമായി. രണ്ട് മാസമായി പാലക്കാട് അഗ്നിരക്ഷാനിലയ പരിധിയിൽ 117 ഇടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച്ച മാത്രം ആറിടങ്ങളിലും. പുലർച്ചെ മൂന്നിന് ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിനോട് ചേർന്നുള്ള റെക്കോഡ്സ് റൂമിന് തീപിടിച്ചു. രണ്ട് യൂണിറ്റ് ഫയർ എൻജിൻ എത്തിയാണ് തീയണച്ചത്. ഉച്ചയ്ക്ക് ധോണി അരിമണി എസ്റ്റേറ്റിൽ റബർ തോട്ടത്തിനും അടുത്തുള്ള വനത്തിലെ അടിക്കാടിനും ഉണങ്ങിയ മാങ്ങൾക്കും തീപിടിച്ചു. വൈകീട്ട് കല്ലേപ്പുള്ളി ലയൺസ് കിൻഡർ ഗാർട്ടൻ സ്‌കൂളിന് മുൻവശത്തു അടിക്കാടും ഉണങ്ങിയ പുല്ലും കത്തി. വൈകിട്ട് 6.45 ന് കൊടുമ്പ് ആൽത്തറയ്ക്ക് സമീപം ആനന്ദന്റെ തെങ്ങിൻ തോട്ടത്തിലെ ഉണങ്ങിയ പുല്ലിനും അടിക്കാടിനും മാലിന്യത്തിനും തീപിടിച്ചു. 7.20ന് യാക്കര ഡി9 ഹോട്ടലിനു പിന്നിലും അഗ്നിബാധയുണ്ടായി. വേനൽ കടുത്തതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തീപിടിത്തമുണ്ടാകാൻ സാധ്യതയുള്ള പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ അറിയിച്ചു. തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കളെ ഒഴിവാക്കി വീടും പരിസരവും ശുചീകരിക്കുകയാണ് പ്രധാന പ്രതിരോധമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പ്രതിരോധ മാർഗങ്ങൾ
വനമേഖലയ്ക്കു സമീപത്തുള്ള വീടുകളിൽ തീ പടർന്ന് പിടിക്കാതിരിക്കാൻ പുല്ലുകളും പാഴ്വസ്തുക്കളും ഒഴിവാക്കി ഫയർലൈൻ നിർമ്മിക്കുക
റബർ, കശുമാവ്, തെങ്ങ്, കവുങ്ങ് തോട്ടങ്ങളിലും മറ്റുകൃഷി സ്ഥലങ്ങളിലും അതിരു കാടുതെളിച്ചു സംരക്ഷിക്കണം
വീടിനോടു ചേർന്നു റബർ, കൊപ്ര പുകപ്പുര നിർമ്മിക്കരുത്.
തുറസായ സ്ഥലങ്ങളിൽ ചപ്പുചവറുകൾ കത്തിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും ഒഴിവാക്കുക.
ജനവാസ മേഖലയ്ക്കരികിൽ ചപ്പിലയും മറ്റും കത്തിക്കുമ്പോൾ തീ പടർന്ന് പിടിക്കുന്നത് ഒഴിവാക്കാൻ മുൻകരുതലിനായി ബക്കറ്റിൽ ജലം ശേഖരിച്ചുവയ്‌ക്കുക
തീ അണയ്ക്കാൻ എത്തുന്ന അഗ്നിരക്ഷാസേനയ്ക്ക് അടിയന്തര സാഹചര്യത്തിൽ വെള്ളം ലഭ്യമാക്കാനും സൗകര്യം ഒരുക്കുക
പാചകവാത സിലിണ്ടർ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തുക.
അഗ്നിശമന സേനയെ വിളിക്കുമ്പോൾ കൃത്യമായ സ്ഥല വിവരങ്ങളും ഫോൺ നമ്പറും നൽകുക.
വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്തമുണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്
ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |