ഷൊർണൂർ: പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ ഭാരതപ്പുഴയിലെ രണ്ട് റെയിൽപാലത്തിലെ പാത്ത്‌വേ നിർമ്മാണം അവസാനഘട്ടത്തിൽ. എന്തെങ്കിലും കാരണവശാൽ ചങ്ങല വലിച്ച് പാലത്തിൽ ട്രെയിൻ നിൽക്കുന്ന സാഹചര്യം ഉണ്ടായാൽ ലോക്കോ പൈലറ്റ്, ഗാർഡ് എന്നിവർക്ക് സമീപത്ത് കൂടി നടന്നുപോയി പരിശോധിക്കാനാണ് ഇത്തരത്തിൽ പാത്ത്‌വേ നിർമ്മിക്കാൻ റെയിൽവേ തീരുമാനിച്ചത്. പാലക്കാട്-തൃശൂർ ട്രാക്കിൽ ഇടതു ഭാഗത്തും ഷൊർണൂർ തൃശൂർ ട്രാക്കിൽ വലത് ഭാഗത്തുമാണ് പാത്ത്‌വേ നിർമ്മിക്കുന്നത്. 800 മീറ്റർ പാലത്തിന്റെ ഇരുവശത്തുള്ള നിർമ്മാണ പ്രവൃത്തികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. ഇരുമ്പ് തട്ടുകളും, കൈപ്പിടികളുമാണ് സുരക്ഷയ്ക്കായി ഘടിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ട്രെയിൻ കടന്നു പോകുമ്പോൾ ആളുകൾ, വസ്തുക്കൾ എന്നിവർ ട്രാക്കിൽ ഉണ്ടെങ്കിൽ സുരക്ഷിതമായി കയറി നിൽക്കാൻ കഴിയുന്ന നിരപ്പായ ട്രോളികൾ നേരത്തെ പാലത്തിൽ നിർമിച്ചിട്ടുണ്ട്. അത് ഇപ്പോൾ നവീകരിക്കുന്നുമുണ്ട്. ഷൊർണൂരിൽ നാല് പേർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിന് മുമ്പ് തന്നെ പാത്ത്‌വേ നിർമിക്കാൻ റെയിൽവേ നിർദേശം നൽകിയിരുന്നു. അപകടത്തിന് ശേഷം നിർമ്മാണം വേഗത്തിലാക്കി. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള മറ്റു റെയിൽവേ പാലങ്ങളിലും പാത്ത്‌വേ നിർമാണം ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |