SignIn
Kerala Kaumudi Online
Sunday, 25 October 2026 2.29 AM IST

നെന്മാറയിലും വിജയമായി വ്ലാത്താങ്കര ചീരക്കൃഷി

cheera
വിത്തനശ്ശേരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ വിളയിറക്കിയ വ്ലാത്താങ്കര ചീര കർഷകരും കൃഷി ഉദ്യോഗസ്ഥരും പരിശോധിക്കുന്നു.

നെന്മാറ: വ്ലാത്താങ്കര ചീര കൃഷി നെന്മാറയിലും ആരംഭിച്ചു. പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നെന്മാറയിലും വ്ലാത്താങ്കര ചീര കൃഷി ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ പഞ്ചായത്തിലെ തനതു ചീരയാണ് വ്ലാത്താങ്കര ചീര. വിത്തനശേരിയിലെ കർഷകനായ വി.രാധാകൃഷ്ണന്റെ കൃഷിയിടത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത്. 10 സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. ഇതിനാവശ്യമായ വിത്ത് കിലോയ്ക്ക് 3600 രൂപ നിരക്കിൽ ചെങ്കൽ പഞ്ചായത്തിലെ കർഷകരിൽ നിന്നാണ് ശേഖരിച്ചത്. നെന്മാറ കൃഷി ഭവന്റെ നിർദ്ദേശാനുസരണം കഴിഞ്ഞ ഒക്ടോബറിലാണ് വിത്തിറക്കിയത്.

 വർഷം മുഴുവൻ വിളവെടുക്കാം

തീക്ഷ്ണമായ ചുവപ്പു നിറമാണ് വ്ലാത്താങ്കര ചീരയുടെ സവിശേഷത. സാധാരണ ചീരകൾക്കില്ലാത്ത അരുണ ശോണിമയ്ക്ക് പുറമേ വർഷം മുഴുവൻ വിളവെടുക്കാമെന്നതും ഒരാൾ പൊക്കത്തിൽ വളരുന്നു എന്നതുമാണ് ഇതിനെ മറ്റു ചീരയിനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ദീർഘകാലം വിളവ് നൽകും. ധാരാളം ശിഖരങ്ങൾ വളരും. അതിനാൽ കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവെടുക്കാനാകും. ചീര നട്ട് ആറ് മാസമാകുമ്പോഴേക്കുമോ വിത്ത് പാകമാവുകയുള്ളു. നല്ല വളർച്ചയെത്തിയ വ്ലാത്താങ്കര ചീരയിൽ നിന്ന് 250 ഗ്രാം വരെ വിത്ത് ലഭിക്കും. പരമ്പരാഗത വിത്തിനങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട് ജില്ലയുടെ പച്ചക്കറി ഗ്രാമമായ വിത്തനശേരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കാൻ തീരുമാനിച്ചത്. വ്ലാത്താങ്കര ചീരയുടെ ഗുണവും നിറവും ഒട്ടും ചോരാതെ നെന്മാറയിലും കൃഷി ചെയ്യാൻ കഴിഞ്ഞതോടെ ചീരയുടെ ശിഖരങ്ങൾ മുറിച്ച് വിൽപ്പന നടത്താതെ ചീര വിത്ത് ഉല്പ്പാദിപ്പിച്ച് ആവശ്യക്കാർക്ക് ലഭ്യമാക്കാനുള്ള നടപടികളാണ് നെന്മാറ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്നു വരുന്നതെന്ന് കൃഷിഭവൻ അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL