ചിറ്റൂർ: കൊയ്തെടുത്ത നെല്ല് ഉണക്കി ചാക്കിലാക്കി സൂക്ഷിക്കാൻ തുടങ്ങിയിട്ട് മാസം ഒന്നായിട്ടും നെല്ല് സംഭരിക്കാതെ സപ്ലൈകോ. സംഭരണ നടപടികൾ അനന്തമായി നീളുന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ. മടിയപ്പാടം ഒന്ന്, ഓലശ്ശേരി, ചിരിയംകാട്, കുറ്റിലംകുന്ന് തുടങ്ങി ഇരുപത്തഞ്ചോളം പാടശേഖരസമിതിയിലെ കർഷകരാണ് അധികൃതരെ കാത്തിരിക്കുന്നത്. സാധാരണ കൊയ്ത്തുകഴിഞ്ഞ് ഉണങ്ങിയ ഉടനെ നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഫീൽഡ് സ്റ്റാഫ് വരും. ഇത്തവണ ഇതേവരെ വന്നിട്ടില്ലെന്നു കർഷകർ പറയുന്നു. നെല്ലുസൂക്ഷിക്കാൻ കളമുള്ളവർ ഈ മേഖലയിൽ കുറവാണ്. പലരും മുറ്റത്ത് നെല്ലിട്ട് ടാർപ്പായ കൊണ്ട് മൂടുകയാണ്. ചെറുകിട കർഷകരാണ് പിടിച്ചു നിൽക്കാൻ കഴിയാതെ വിഷമിക്കുന്നത്. മാനത്ത് മഴക്കാറ് കണ്ടാൽ ഉള്ളുപിടയുകയാണെന്നും കർഷകർ പറയുന്നു. അതേസമയം, നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഉടനെ ഫീൽഡ് സ്റ്റാഫിനെ നിയോഗിക്കുമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ പറഞ്ഞു.
പാട്ടക്കരാർ ഇല്ലെങ്കിലും സപ്ലൈക്കോയ്ക്ക് നെല്ലളക്കാം
സ്ഥലം പാട്ടത്തിനെടുത്ത് നെൽക്കൃഷി ചെയ്യുന്ന കർഷകർക്ക്, സ്ഥലമുടമ കൃത്യമായ പാട്ടക്കരാർരേഖ നൽകിയില്ലെങ്കിലും സപ്ലൈകോയിൽ നെല്ലളക്കാം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നെല്ലുസംഭരണത്തിലെ ക്രമക്കേടുകൾ തടയാൻ നടത്തിയ 'ഓപ്പറേഷൻ റൈസ് ബോളി' ന്റെ തുടർച്ചയായി കൃഷി ഡെപ്യൂട്ടി ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവുപ്രകാരമാണിത്. സ്ഥലമുടമ ദീർഘകാലമായി സ്ഥലത്തില്ലാത്തതും പിന്തുടർച്ചാവകാശത്തർക്കമുള്ളതും സ്ഥലമുടമയും പാട്ടക്കാരനുമായി തർക്കം നിലനിൽക്കുന്നതുമായ സാഹചര്യങ്ങളിൽ നെല്ല് സംഭരിക്കുന്നതിന് തടസമുണ്ടാകുന്നത് ഇതോടെ ഒഴിവാകും.
കർഷകന് കൃത്യമായ പാട്ടക്കരാർരേഖ ഇല്ലാത്ത സാഹചര്യത്തിൽ, കൃഷി ഓഫീസറും വില്ലേജ് ഓഫീസറും തദ്ദേശസ്ഥാപന വാർഡംഗവും കൃഷിയിടത്തിൽ സംയുക്ത സ്ഥല പരിശോധന നടത്തണം. ഇവർനൽകുന്ന റിപ്പോർട്ടും തദ്ദേശസ്ഥാപന സ്ഥിരംസമിതി ഇക്കാര്യം ചർച്ചചെയ്ത് അംഗീകരിച്ച മിനുട്സും അടിസ്ഥാനമാക്കി കാർഷികാനുകൂല്യങ്ങൾ നൽകാമെന്ന് ഉത്തരവിൽ പറയുന്നു.
നെൽക്കൃഷിക്ക് കൃഷിഭവനിൽ രജിസ്റ്റർചെയ്ത അപേക്ഷ പരിശോധിച്ച് അപേക്ഷയിൽ പറയുന്ന സ്ഥലത്തുതന്നെയാണോ കൃഷിചെയ്യുന്നതെന്ന് ഉറപ്പാക്കണം. സ്ഥലം പരിശോധിച്ച് സർവേ നമ്പറും നിലത്തിന്റെ വിസ്തീർണവും ഉറപ്പാക്കണം. വില്ലേജ് രേഖയിൽ നിലമെന്നായിരിക്കെ മറ്റുകൃഷികൾ മാത്രം ചെയ്യുന്നവർ നെൽക്കൃഷി ആനുകൂല്യത്തിനായി നൽകുന്ന അപേക്ഷ അംഗീകരിക്കില്ല. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് ഗുണഭോക്താവിന് അനുവദിക്കുന്ന സാമ്പത്തികാനുകൂല്യത്തിന് ആനുപാതികമായി മാത്രം അപേക്ഷയിൽ സ്ഥല വിസ്തൃതി കാണിക്കുന്നതിന് പകരം, യഥാർഥ സ്ഥലവിസ്തൃതി പരിശോധിച്ച് രേഖപ്പെടുത്തണം. കൃഷിഭവനുകളിൽ വളം സബ്സിഡി രജിസ്റ്റർ, വിത്ത് സബ്സിഡി രജിസ്റ്റർ, ഉത്പാദന ബോണസ് രജിസ്റ്റർ, കാർഷികരജിസ്റ്റർ എന്നിവ സൂക്ഷിക്കയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |