SignIn
Kerala Kaumudi Online
Friday, 23 October 2026 3.11 AM IST

അലനല്ലൂരിൽ തെരുവുനായ് ശല്യം രൂക്ഷം; ഭയന്നുവിറച്ച് നാട്ടുകാർ

അലനല്ലൂർ: അലനല്ലൂരിൽ റോഡും നാടും കൈയടക്കി തെരുവുനായ്ക്കളുടെ വിളയാട്ടം. പഞ്ചായത്ത് പരിധിയിലെ പ്രധാന റോഡുകളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം തെരുവുനായ്ക്കൾ നിറഞ്ഞാടുകയാണ്. ദിനംപ്രതി ഇവയുടെ എണ്ണം കൂടിവരുന്നു എന്നതും ഏറെ ആശങ്കയുണ്ടാക്കുന്നു. രാപകൽ വ്യത്യാസമില്ലാതെ അലഞ്ഞുനടക്കുന്ന നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോൾ. ഒറ്റ ദിവസം അലനല്ലൂർ ടൗണിൽ നാലുപേരെയാണ് തെരുവുനായ ആക്രമിച്ചത്. കണ്ണംകുണ്ടിൽ താമസിക്കുന്ന തേവർകളത്തിൽ അബ്ദുറഹ്മാൻ (64), എടത്തനാട്ടുകര കൊടിയൻകുന്ന് ചക്കംതൊടി ജാസിർ (28), ഓട്ടോതൊഴിലാളി പാലക്കാഴി സ്വദേശി വിനോദ് (45), അലന ല്ലൂർ പള്ളിക്കാട്ടുതൊടി സജാദ് (42) എന്നിവർക്കാണ് കടിയേറ്റത്. ദിവസങ്ങൾക്ക് മുമ്പ് ഭീമനാട് പെരിമ്പടാരിയിലെ പയ്യനാട് വേണുഗോപാലിന് വീട്ടുമുറ്റത്ത് വച്ച് മുഖത്ത് തെരുവ് നായയുടെ കടിയേറ്റു. കണ്ണിനു താഴെയും, മേൽ ചുണ്ടിലും ഗുരുതര പരിക്കേറ്റു.
കൂടാതെ കണ്ണംകുണ്ട് ചെട്ടിയാംതൊടി മുസ്തഫയുടെ കോഴി ഫാമിലെ 182 കോഴികളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. ഫാമിന്റെ കമ്പി വലയും മറ്റും കടിച്ചു മുറിച്ചാണ് നായ്ക്കൾ ഫാമിനകത്ത് കയറിയത്. അലനല്ലൂർ ചന്തപടിയിൽ വെച്ച് റിട്ട. എസ്.ഐ കണ്ണംകുണ്ട് തേവർക്കളത്തിൽ അബ്ദുറഹിമാന്റെ കാലിനും തെരുവ് നായയുടെ കടിയേറ്റു. ഇതിനെല്ലാം പുറമെ വീട്ടുമുറ്റത്ത് നിറുത്തിയിടുന്ന വാഹനങ്ങളുടെ സീറ്റുകൾ കടിച്ചുകീറുന്നതടക്കം പതിവാവുകയാണിപ്പോൾ. രാവിലെ സവാരിക്കിറങ്ങുന്ന കാൽനടക്കാരെയും സ്‌കൂളിലേക്കു പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെയും തെരുവുനായ്ക്കൾ പിന്തുടരാറുണ്ട്. ഇരുചക്ര വാഹന യാത്രക്കാരും തെരുവുനായ്ശല്യം കൊണ്ട് ഏറെ പ്രയാസപ്പെടുന്നുണ്ട്. വാഹനം ഓടിച്ചുവരുമ്പോൾ പെട്ടെന്നാണ് നായ്ക്കൾ മുന്നിലേക്കു ചാടുക. ഇത് മിപ്പോഴും അപകടങ്ങൾക്കും കാരണമാവാറുണ്ട്. തെരുവു നായ്കളുടെ എണ്ണം പെരുകുന്നത് തടയുന്നതിനും അവയ്ക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനുമുള്ള പദ്ധതികൾ നിലവിലുണ്ട്. അവയെല്ലാം കാര്യക്ഷമമായി നടപ്പാക്കി ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL