SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 AM IST

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ്: രണ്ടാം സീസണിലെ തുകയും വൈകുന്നു

kharif

●സംസ്ഥാനത്ത് രണ്ടാം സീസണിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്-78,851 കർഷകർ

●ആദ്യസീസണിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 72,000 കർഷകർ

പാലക്കാട്: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസിൽ 2023 ലെ രണ്ടാം സീസണിലെ ഖാരിഫിലെ തുകയ്ക്കായി കാത്തിരിപ്പ് നീളുന്നു. 2023ലെ രണ്ടാം സീസണായ ഖാരിഫിന്റെ തുക 2024 ഡിസംബറിൽ നൽകേണ്ടതാണ്. നാലു മാസം പിന്നിട്ടിട്ടും തുക എപ്പോൾ ലഭിക്കുമെന്നതിൽ വ്യക്തതയില്ല. നടപടി പുരോഗമിക്കുകയാണെന്ന് മാത്രമാണ് പദ്ധതി നടപ്പാക്കുന്ന അഗ്രികൾച്ചർ ഇൻഷ്വറൻസ് കമ്പനി അധികൃതർ പറയുന്നത്.

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസിൽ 2023ലെ ആദ്യ സീസണിലെ തുക ലഭിക്കുന്നതിനും വലിയ കാലതാമസമുണ്ടായി. 2024 ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ നൽകേണ്ടിയിരുന്ന ഒന്നാംസീസൺ തുക ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ 2025 ഏപ്രിലിലാണ് നൽകിത്തുടങ്ങിയത്. 50 കോടി രൂപ നൽകിയെങ്കിലും സംസ്ഥാനത്ത് 30 കോടിയോളം രൂപ ഇപ്പോഴും നൽകാൻ ബാക്കിയുണ്ട്. 72,000 കർഷകരാണ് ആദ്യസീസണിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്നാണ് തുക അനുവദിക്കുന്നത്. കർഷകർ നിശ്ചിത വിഹിതം അടച്ചാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതെങ്കിലും ഉയർന്ന തുക ആനുകൂല്യം ലഭിക്കുന്നത് കർഷകർക്ക് ആശ്വസമായിരുന്നു.

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് തുക അനുവദിക്കാൻ വൈകുന്നതിലെ പ്രധാന കാരണം. ഓൺലൈൻ സംബന്ധമായ പ്രശ്നങ്ങളും അധികൃതർ കാരണമായി പറയുന്നുണ്ട്. നെല്ല്, വാഴ, പച്ചക്കറി, തെങ്ങ്, മാവ്, റബ്ബർ തുടങ്ങി 27 വിളകൾക്ക് ഇൻഷ്വറസിൽ രജിസ്റ്റർ ചെയ്യാം. വിളവിനെ ബാധിച്ചാലും ഇല്ലെങ്കിലും കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ആനുകൂല്യം ലഭിക്കുമെന്നതാണ് പ്രത്യേകത. കാലാവസ്ഥ കേന്ദ്രങ്ങളിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് തുക നിർണയിക്കുന്നത്. മുൻപ് സ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കിയിരുന്ന പദ്ധതി, തുക നൽകാൻ കഴിയാത്തതിനെത്തുടർന്ന് മുടങ്ങിയിരുന്നു. തുടർന്ന് 2016ലാണ് കേന്ദ്രസംസ്ഥാന സർക്കാരുകൾ ചേർന്ന് അഗ്രികൾച്ചർ ഇൻഷ്വറൻസ് കമ്പനി രൂപവത്കരിച്ച് പദ്ധതി പുതുതായി തുടങ്ങുകയായിരുന്നു. തുക വൈകിതുടങ്ങിയതോടെ ഇതും മുടങ്ങുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KHARIF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL