SignIn
Kerala Kaumudi Online
Friday, 22 May 2026 3.43 AM IST

കുത്തിപ്പൊളിക്കൽ സെഞ്ച്വറിയിലേക്ക്; വടക്കഞ്ചേരി മേൽപ്പാലം അടച്ചു

nhai
വടക്കഞ്ചേരി മേൽപ്പാലം അടച്ച് കുത്തിപൊളിച്ചുള്ള പണി നടക്കുന്നു.

വടക്കഞ്ചേരി: ദേശീയ പാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ വീണ്ടും കുത്തിപ്പൊളിക്കൽ തുടങ്ങിയതോടെ ഗതാഗതം നിരോധിച്ചു. ഇതോടെ വടക്കഞ്ചേരി മേൽപ്പാലത്തെ ചുറ്റിപ്പറ്റിയുള്ള സുരക്ഷാ ആശങ്കകൾ വീണ്ടും ശക്തമാകുന്നു. ദേശീയപാതയിലെ പാലക്കാട് ദിശയിലേക്കുള്ള മേൽപ്പാലത്തിലാണ് ജോയിന്റുകൾ കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചിരിക്കുന്നത്. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിറുത്തിവച്ചു. തൃശൂർ ദിശയിലേക്കുള്ള പാലത്തിൽ താത്കാലിക ഡിവൈഡറുകൾ സ്ഥാപിച്ച് ഇരുദിശകളിലേക്കുമുള്ള വാഹനഗതാഗതം ക്രമീകരിച്ചിരിക്കുകയാണ്. പുതിയ നിയന്ത്രണം വലിയ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും കാരണമായിട്ടുണ്ട്.

ജോയിന്റുകളിലെ കോൺക്രീറ്റിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടതാണ് അറ്റകുറ്റപ്പണിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. നിലവിൽ രണ്ട് ജോയിന്റുകളിലാണ് കുത്തിപ്പൊളിക്കൽ നടക്കുന്നത്. എന്നാൽ വിശദ പരിശോധനയ്ക്ക് ശേഷം കൂടുതൽ ഭാഗങ്ങളും പൊളിക്കേണ്ട സാഹചര്യമുണ്ടാകാമെന്നാണ് സൂചന. 2021 ഫെബ്രുവരിയിൽ ഗതാഗതത്തിനായി തുറന്ന മേൽപ്പാലത്തിൽ ഇതുവരെ ഏകദേശം 90 തവണയാണ് സമാന രീതിയിൽ കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണി നടത്തിയത്. ആവർത്തിച്ചുള്ള ജോലികൾ മേൽപ്പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് നാട്ടുകാരിലും യാത്രക്കാരിലും വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇത്രയും തവണ പൊളിച്ചിട്ടും എന്തുകൊണ്ടാണ് പ്രശ്നം തീരാത്തത് എന്ന ചോദ്യമാണ് ഉയരുന്നത്. പാലത്തിന്റെ നിർമ്മാണ ഗുണനിലവാരത്തെക്കുറിച്ച് തുടക്കത്തിൽ തന്നെ സംശയങ്ങൾ ഉയർന്നിരുന്നു. അശാസ്ത്രീയ നിർമാണമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന ആരോപണവും ശക്തമാണ്. മേൽപ്പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര സാങ്കേതിക പരിശോധന വേണമെന്ന് വിവിധ രാഷ്ട്രീയകക്ഷികളും ജനകീയ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും ദേശീയപാതാ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് വ്യക്തമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. അതേസമയം സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ല, ജോയിന്റുകളുടെ അറ്റകുറ്റപ്പണി പതിവ് പരിപാലനത്തിന്റെ ഭാഗം മാത്രമാണ് എന്ന നിലപാടിലാണ് ദേശീയപാതാ അതോറിറ്റി അധികൃതർ. എന്നാൽ ചില ജോയിന്റുകൾ വർഷങ്ങളായി കേടുപാടുകളില്ലാതെ നിലനിൽക്കുമ്പോൾ ഏതാനും ഭാഗങ്ങളിൽ മാത്രം തുടർച്ചയായി വിള്ളലും കുത്തിപ്പൊളിക്കലും ആവർത്തിക്കുന്നത് ദുരൂഹമാണെന്ന അഭിപ്രായവും ശക്തമാകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, NHAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL