വാളയാർ: വാളയാർ ഡാം ശുദ്ധജല പദ്ധതിയെ ചൊല്ലി രാഷ്ട്രീയ വിവാദം. പുതുശ്ശേരി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മലമ്പുഴ ഡാമിലെ വെള്ളത്തിന് പുറമെ വാളയാർ ഡാമിലെ വെള്ളം കൂടി ഉപയോഗപ്പെടുത്താൻ വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്. വാളയാർ ഡാം ശുദ്ധജല പദ്ധതി നടപ്പാക്കുമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് അറിയിച്ചുവെന്ന കോൺഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തലാണ് വിവാദമായത്. നിലവിലുള്ള പദ്ധതി എങ്ങിനെ വീണ്ടും അനുവദിക്കുമെന്ന മറു ചോദ്യവുമായാണ് സി.പി.എം രംഗത്തെത്തിയിരിക്കുന്നത്.
പുതുശ്ശേരി പഞ്ചായത്ത് കോൺഗ്രസ് പാർലിമെന്ററി പാർട്ടി ലീഡർ എസ്.സനൂപിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘമാണ് മന്ത്രിയെ സന്ദർശിച്ചത്. മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം പുതുശ്ശേരി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാർ വാളയാർ ഡാം ശുദ്ധജല പദ്ധതി നടപ്പിലാക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചു എന്ന അവകാശവാദമാണ് കോൺഗ്രസ് ഉയർത്തിയത്. ഇത് കഴിഞ്ഞ സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണെന്ന് എ.പ്രഭാകരൻ എം.എൽ.എ പറഞ്ഞു. പുതിയ പദ്ധതിയാണെന്ന അവകാശ വാദം ശരിയല്ല. കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മാണം വരെ പൂർത്തീകരിച്ചു.
നിലവിൽ മലമ്പുഴ വെള്ളമാണ് വാളയാറിൽ വിതരണം ചെയ്യുന്നത്. നിലവിലുള്ള ടാങ്കിൽ പമ്പിംഗ് കാര്യക്ഷമമല്ലാത്തത് കൊണ്ട് പമ്പിംഗ് മുടങ്ങുന്നത് പതിവാണ്. ഇതിന് പരിഹാരമെന്ന നിലയിൽ വാളയാറിൽ വലിയ സംഭരണി നിർമ്മിച്ചിട്ടുണ്ട്. പണി പൂർത്തിയായെങ്കിലും ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. ഈ ടാങ്ക് ഉദ്ഘാടനം കഴിഞ്ഞാൽ പമ്പിംഗ് കാര്യക്ഷമമാക്കാനാവും. മലമ്പുഴ ഡാമിലെ വെള്ളം അപര്യാപ്തമാകുന്ന സാഹചര്യത്തിൽ വാളയാർ ഡാമിലെ വെള്ളം ശുദ്ധീകരിച്ച് ടാങ്കിലെത്തിച്ചാൽ വാളയാർ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. വാളയാർ ശുദ്ധജല പദ്ധതിയുടെ രൂപരേഖ പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് ആണ് തയ്യാറാക്കിയതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ എ.പ്രഭാകരൻ എം.എൽ.എ ഇടപെട്ടതിനെ തുടർന്ന് എൽ.ഡി.എഫ് സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണിതെന്നും പുതുശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ശെൽവൻ പറഞ്ഞു. ഇതെല്ലാം അറിയാവുന്ന കോൺഗ്രസ് മെമ്പർ നിലവിലുള്ള പദ്ധതിയെ പുതിയ പദ്ധതിയെന്ന് തെറ്റിദ്ധരിപ്പിക്കാൻ മന്ത്രിയെ കണ്ട് നടത്തിയ രാഷ്ട്രീയ നാടകം ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |