SignIn
Kerala Kaumudi Online
Thursday, 11 June 2026 12.04 PM IST

പാലക്കാട് കെ.എസ്.ആ‌ർ.ടി.സി ബസ് സ്റ്റാൻഡ് ഇരുട്ടിലാണ്

ksrtc
പാലക്കാട് കെ.എസ്.ആ‌ർ.ടി.സി ഡിപ്പോയിലെ ഗാരേജ്

പാലക്കാട്: ഇരുട്ടിയാൽ പിന്നെ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ദുരവസ്ഥയിലാണ്. പഴയ അന്തർസംസ്ഥാന ബസ് ടെർമിനലിന്റെ മുന്നിലുള്ള റോഡിന്റെ ഭാഗത്താണ് വെളിച്ചമില്ലാത്തത്. അവിടെ ഹൈമാസ്റ്റ് ലൈറ്റും നാല് തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പ്രകാശിക്കുന്നില്ല. പുറത്തേക്ക് വരുന്ന ബസുകളുടെയും സമീപത്തെ കടകളുടെ വെളിച്ചവും ഫോണിലെ ഫ്ലാഷ് ലൈറ്റുമാണ് യാത്രക്കാരുടെ ഏക ആശ്രയം.
വെളിച്ചക്കുറവിനാൽ നിരവധി അപകടങ്ങൾ സംഭവിച്ചതിനു പിറകെയാണ് 2024 ൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. രാത്രി ഇവിടെ സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയാണ്. തൊട്ടടുത്തുള്ള മദ്യ വിൽപ്പന ശാലയിൽ നിന്ന് മദ്യപന്മാർ നേരെയെത്തുന്നത് ബസ് സ്റ്റാൻഡിലേക്കാണ്. സ്റ്റാൻഡിന്റെ പലയിടങ്ങളിലും കുടിയന്മാർ കിടന്നുറങ്ങുന്നതും ഇരുട്ടിയാലുള്ള സ്ഥിരം കാഴ്ചയാണ്. ഹൈമാസ്റ്റ് ലൈറ്റ് അടക്കമുള്ള ലൈറ്റുകൾ പ്രകാശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സാമൂഹ്യ വിരുദ്ധരുടെ പ്രശ്നത്തിൽ പൊലീസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

ബസ് സ്റ്റാൻഡിൽ ബസുകൾ നിറുത്തിയിടാനുള്ള സ്ഥലം പരിമിതമാണ്. തൃശൂർ, കോഴിക്കോട് ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്ത് നിർത്തിയിടാൻ അനുമതി നൽകിയിരുന്നു. ഇത് ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തുള്ള റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗത്തേക്കുള്ള ബസുകൾ അന്തർ സംസ്ഥാന ബസ് ടെർമിനലിന്റെ ഭാഗത്തേക്ക് മാറ്റിയാൽ തൃശൂർ, കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻഡിന് അകത്തു തന്നെ നിറുത്തിയിടാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിക്കും. അതിനുള്ള നടപടികൾ നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

വേണം കൂടുതൽ സൗകര്യങ്ങൾ

ഏകദേശം 110 ബസുകളാണ് പാലക്കാട് ഡിപ്പോയിൽ സർവ്വീസ് നടത്തുന്നത്. എന്നാൽ അത്രയും ബസുകൾ കഴുകുകയും റിപ്പയർ ചെയ്യുകയും ചെയ്യുന്ന ഗാരേജിന്റെ അവസ്ഥ പരിതാപകരമാണ്. ബസ് കഴുകുന്ന വെള്ളം പരിസരത്തുതന്നെ കെട്ടിക്കിടന്ന് ചെളിക്കെട്ടായി മാറിയിട്ടുണ്ട്. റിപ്പെയർ ചെയ്യുന്ന ഇടത്തും സമാനാവസ്ഥ തന്നെ. അതിൽ കിടന്നു വേണം മെക്കാനിക്കൽ ജോലികൾ ചെയ്യാൻ. മഴ കനത്താൽ അവസ്ഥ കൂടുതൽ വഷളാവും. അമ്പതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. അവരുടെ വണ്ടികൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലവും ഗാരേജിനോട് ചേർന്ന് തന്നെയാണ്. ഈ കെട്ടിക്കിടക്കുന്ന ചെളിവെള്ളം ചാടിക്കടന്ന് വേണം വണ്ടിയുടെ അടുത്തെത്താൻ. നിലവിൽ നാല് ബസ്സുകൾ ഒരുമിച്ച് റിപ്പെയർ ചെയ്യാനുള്ള സൗകര്യമാണ് ഗാരേജിലുള്ളത്. മഴയും വെയിലും കൊണ്ട് വേണം ജോലിചെയ്യാൻ. അതിനൊരു പരിഹാരം വേണം, ബസ് കഴുകുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്യണം. വാഷിംഗ് റാമ്പ് വേണമെന്നും തൊഴിലാളികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, BUSSTAND, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL