പാലക്കാട്: മൺസൂണിലെ മഴക്കുറവും ഉൽപ്പാദനകേന്ദ്രങ്ങളിൽ വിളവെടുപ്പിലുണ്ടായ കാലതാമസവും കാരണം പച്ചക്കറി വില പിടിതരാതെ കുതിക്കുകയാണ്. തക്കാളി, കാബേജ്, ക്യാരറ്റ്, ബീൻസ്, കോളി ഫ്ലവർ, ചെറിയുള്ളി എന്നിവയ്ക്കാണ് വില വർദ്ധിച്ചത്. ഊട്ടിയിൽ നിന്നുള്ള നല്ലയിനം ബീൻസിന് 90 രൂപയാണ് കിലോയ്ക്ക് വില. ബീറ്റ്റൂട്ടിന് നേരത്തെ 60 രൂപയുണ്ടായിരുന്നത് ഇപ്പോൾ 70 ആയി. കാരറ്റ് 50-70 രൂപ, അമരക്ക 50 - 70, ചെറിയുള്ളി 50 - 70 എന്നിങ്ങനെയും വില വർദ്ധിച്ചു. മഴ താളം തെറ്റിയതിനാൽ ഉൽപ്പാദനം കുറഞ്ഞതാണ് വിലവർദ്ധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. എല്ലാ വർഷവും സീസണിൽ വിലവർദ്ധന അനുഭവപ്പെടാറുണ്ട്. പിന്നീട് വിലകുറയാറാണ് പതിവ്. ഇത്തവണ കുറയുന്നില്ല. കർണാടകയിലെ മൈസൂരു, തമിഴ്നാട്ടിലെ മേട്ടുപ്പാളയം, തലവാടി, ഒട്ടൻഛത്രം തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പച്ചക്കറി എത്തുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 20 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ 40 - 52 രൂപയായി. ഇഞ്ചി വില 100 രൂപയിലെത്തി. ഇഞ്ചിവില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഉണ്ട മുളക് 65, വെളുത്തുള്ളി 175, ഉരുളക്കിഴങ്ങ് 60, സവാള 40, കയ്പ്പക്ക 30, വഴുതിന 35, പയർ 30 എന്നിങ്ങനെയാണ് പുതിയ വിലനിലവാരം. ഇതെല്ലാം മൊത്തവിലയാണ്. ചില്ലറ വ്യാപാരികളിലേക്ക് എത്തുമ്പോൾ വില ഇനിയും ഉയരും. ഇന്ധനവില വർദ്ധിച്ചതോടെ ചരക്കുനീക്കത്തിനും ചെലവേറി. മേയ് 15, 20, 23, 25 തീയതികളിൽ നാലുതവണയാണ് ഇന്ധനവില വർദ്ധിച്ചത്. മേയ് 15ന് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപ ഒറ്റയടിക്ക് കൂടി. 20, 23 ദിവസങ്ങളിൽ രണ്ട് തവണകളായി പെട്രോളിന് 86, 87 പൈസയും ഡീസലിന് 83, 91 പൈസയും വർദ്ധിപ്പിച്ചു. 25ന് വീണ്ടും പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർധിപ്പിച്ചു. പാചകവാതക വിലവർധനവിന് പുറമെയാണ് പച്ചക്കറിവില വർദ്ധനയും ജനങ്ങൾക്ക് ഇരുട്ടടിയാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |