കൊല്ലങ്കോട്: പരിസ്ഥിതി സൗഹൃദ കൃഷിരീതികളും ഫാം ടൂറിസത്തിന്റെ പുത്തൻ സാദ്ധ്യതകളും കോർത്തിണക്കി കൊല്ലങ്കോട് നെന്മേനി പാടശേഖരത്തിൽ വിരിപ്പ് കൃഷിക്ക് തുടക്കമായി. കൃഷിഭവനു കീഴിലുള്ള പാടശേഖര സമിതികളിൽ ഏറ്റവും വിസ്തൃതി കൂടിയ നെന്മേനിയിലെ താമരപ്പാടത്ത് നടന്ന നടീൽ ഉത്സവം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കർഷകർക്കും കൃഷി ഉദ്യോഗസ്ഥർക്കുമൊപ്പം നാടൊന്നാകെ പങ്കെടുത്ത ജനകീയ ഉത്സവമായി നടീൽ ചടങ്ങ് മാറി. കൊല്ലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ശിവൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബി.ജ്യോതി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.സജേഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.രവീന്ദ്രൻ, സംയുക്ത പാടശേഖര സമിതി ഭാരവാഹികളായ അനിൽ ബാബു, കെ.സഹദേവൻ, കെ.ശിവാനന്ദൻ, സി.വിജയൻ, ആർ.കൃഷ്ണകുമാർ, ആർ.അരവിന്ദാക്ഷൻ, നെന്മേനി സമിതി സെക്രട്ടറി പി.രാജൻ, ജോയിന്റ് സെക്രട്ടറി വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
രാസവളങ്ങളില്ലാത്ത ജൈവ സമൃദ്ധി
നൂറ്റി അമ്പതോളം ചെറുകിട നാമമാത്ര കർഷകരുള്ള 275 ഏക്കർ വിസ്തൃതിയുള്ള പാടശേഖരമാണ് നെന്മേനി. രാസവളങ്ങളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി പച്ചിലവള ലഭ്യതയ്ക്കായി ഒന്നാംവിളയ്ക്ക് മുന്നോടിയായി പയർ വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, ഡെയ്ഞ്ച എന്നിവ വിതച്ച് പൂട്ടി ഉഴുതാണ് നിലമൊരുക്കിയത്. കൂടാതെ 16 ഹെക്ടറിൽ ആർ.എസ്.ജി.പി പദ്ധതി പ്രകാരമുള്ള നെൽവിത്തുത്പാദനവും ഇവിടെ നടക്കുന്നുണ്ട്.
കൃഷി, ഒപ്പം ഫാം ടൂറിസവും
സുന്ദരഗ്രാമമായ കൊല്ലങ്കോടിന്റെ കാർഷിക ഭംഗി വിളിച്ചോതുന്ന കുടിലിടവും താമരപ്പാടവും നെന്മേനി പാടശേഖരത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ഇത്തവണ പ്രകൃതിദത്ത കീടനിയന്ത്രണത്തിന്റെ (ഇക്കോളജിക്കൽ എഞ്ചിനീയറിംഗ്) ഭാഗമായി പാടവരമ്പുകളിൽ ചെണ്ടുമല്ലി, സൂര്യകാന്തി എന്നിവയുടെ ഒരു ലക്ഷത്തിലധികം തൈകളാണ് വെച്ചുപിടിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ഓണക്കാലത്ത് താമരപ്പാടത്തെ കർഷകനായ സൂര്യ ഗാർഡൻ സനൽകുമാർ ഒരുക്കിയ 'തനി നാടൻ ഫ്ളവർ ഷോ' സഞ്ചാരികളുടെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത്തവണയും പച്ചപ്പുനിറഞ്ഞ നെൽപ്പാടങ്ങൾക്കൊപ്പം വരമ്പുകളിൽ പൂവസന്തം വർണക്കുട വിരിക്കുന്നതോടെ കാർഷിക ടൂറിസ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |