
വടക്കഞ്ചേരി: കേന്ദ്ര സർക്കാരിന്റെ ഖാരിഫ് സീസണിലേക്കുള്ള കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഓൺലൈൻ പോർട്ടൽ സാങ്കേതിക തടസങ്ങൾ പരിഹരിച്ചതോടെ പ്രവർത്തനസജ്ജമായി. വ്യാഴാഴ്ച വൈകിട്ടോടെയാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഇതോടെ കർഷകർ പദ്ധതിയിൽ പേര് ചേർക്കാൻ തുടങ്ങി.
ഈ മാസം 6ന് പോർട്ടൽ തുറന്നിരുന്നെങ്കിലും രജിസ്‌ട്രേഷൻ സംവിധാനത്തിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങൾ കാരണം അപേക്ഷകൾ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അവസാന തീയതിയായ ജൂലായ് 15നകം മുഴുവൻ കർഷകർക്കും രജിസ്റ്റർ ചെയ്യാൻ കഴിയുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. അതിനാൽ പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി ജൂലായ് 31 വരെ നീട്ടണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ (സി.എസ്.സി), ഇൻഷ്വറൻസ് കമ്പനിയുടെ അംഗീകൃത ഏജന്റുമാർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തി പദ്ധതിയിൽ ചേരാം.
പരിരക്ഷ
നെല്ല്, വിവിധ പച്ചക്കറി വിളകൾ ഉൾപ്പെടെ 27 കാർഷിക വിളകൾക്കാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക.
അംഗീകൃത ഏജൻസിയായ അഗ്രികൾച്ചർ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷനും പദ്ധതിയുടെ വിശദാംശങ്ങളും ലഭ്യമാകുന്നത് https://pmfby.gov.in എന്ന പോർട്ടലിലൂടെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |