SignIn
Kerala Kaumudi Online
Wednesday, 07 October 2026 1.45 AM IST

ഇൻഷ്വറൻസ് പ്രീമിയം: പോളിസി ഉടമകൾക്ക് ആശ്വാസത്തിന് വഴിയൊരുങ്ങുന്നു

insurence

വിതരണ കമ്മീഷന് നിയന്ത്രണമുണ്ടായേക്കും

കൊച്ചി: പോളിസി ഉടമകൾക്ക് ആശ്വാസം പകരുന്നതിന് ഇൻഷ്വറൻസ് വിതരണക്കാർക്ക് നൽകുന്ന കമ്മീഷനിൽ നിയന്ത്രണം ‌ഏർപ്പെടുത്താനുള്ള ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ‌്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ(ഐ.ആർ.ഡി.എ.ഐ) നിർദേശത്തിൽ ചർച്ച മുറുകുന്നു. വിതരണച്ചെലവ് കുറയ്ക്കുന്നതിലൂടെ ഇൻഷ്വറൻസ് പ്രീമിയം താങ്ങാവുന്ന നിലയിലാക്കാനും തെറ്റായ വിൽപ്പന നിയന്ത്രിക്കാനുമാണ് ഐ.ആർ.ഡി.എ.ഐ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഉയർന്ന കമ്മീഷൻ ലഭിക്കുന്ന പോളിസികൾ ഉപഭോക്താക്കളിൽ അടിച്ചേൽപ്പിക്കുന്ന പ്രവണത ഒഴിവാക്കാനും വിതരണത്തിലെ സുതാര്യത ഉറപ്പാക്കാനും കഴിയുമെന്ന് വിലയിരുത്തുന്നു.

ലൈഫ് ഇൻഷ്വറൻസിലെ ചില എൻഡോവ്മെന്റ് പോളിസികളിൽ ,ആദ്യ വർഷ പ്രീമിയത്തിന്റെ 60 ശതമാനം വരെ കമ്മീഷനായി നൽകുന്ന സാഹചര്യമുണ്ട്. യു.എൽ.ഐ.പികളിൽ കമ്മീഷൻ 40 ശതമാനം വരെയാണെന്നും നിയന്ത്രണ ഏജൻസി ചൂണ്ടിക്കാട്ടുന്നു. റീട്ടെയിൽ ഹെൽത്ത് ഇൻഷ്വറൻസിലെ ശരാശരി കമ്മീഷൻ 2022-23ലെ പത്ത് ശതമാനത്തിൽ നിന്നും 2024-25ൽ 30 ശതമാനമായാണ് ഉയർന്നത്. കമ്മീഷൻ ഘടന സുതാര്യമാകുന്നതോടെ ഉപഭോക്താവിന് പോളിസിയുടെ യഥാർത്ഥ ചെലവും വിതരണച്ചെലവും മനസിലാക്കി തീരുമാനമെടുക്കാനാകും.

ബാങ്കുകൾക്കും ധനസ്ഥാപനങ്ങൾക്കും തിരിച്ചടി

ഇൻഷ്വറൻസ് പദ്ധതികളുടെ വിതരണ കമ്മീഷൻ നിയന്ത്രിക്കാനുള്ള നീക്കം ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിരിച്ചടിയാകും. ബാങ്കുകളുടെ ഫീസ് അടിസ്ഥാനമായ ബാങ്കഷ്വറൻസ് വരുമാനത്തിൽ ഇതിലൂടെ ഗണ്യമായ ഇടിവുണ്ടാകാം. ടേം ഇൻഷ്വറൻസിന്റെ കമ്മീഷൻ 51 ശതമാനത്തിൽ നിന്ന് 25-30 ശതമാനമായി കുറയ്ക്കാനാണ് നിർദേശം. ആരോഗ്യ ഇൻഷ്വറൻസ് കമ്മീഷൻ 24ൽ നിന്ന് 15 ശതമാനത്തിലേക്ക് താഴും. മോട്ടോർ ഇൻഷ്വറൻസിന്റെ കമ്മീഷനും പൂജ്യം മുതൽ 15 ശതമാനം വരെയായി പരിമിതപ്പെടുത്താനും നിർദേശമുണ്ട്.

ബ്രോക്കർമാർക്ക് എതിർപ്പ്

വിതരണ കമ്മീഷൻ കുറയ്ക്കുന്നതുൾപ്പെടെയുള്ള പുതിയ പരിഷ്‌കരണങ്ങൾ രാജ്യത്തെ ഇൻഷ്വറൻസ് മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇൻഷ്വറൻസ് ബ്രോക്കേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ വ്യക്തമാക്കി. പത്ത് ലക്ഷം തൊഴിലുകൾ നഷ്‌മാകുന്നതിന് നീക്കം കാരണമാകുമെന്ന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമെഴുതിയ കത്തിൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി.

പോളിസി : നിർദേശിക്കുന്ന പരമാവധി കമ്മിഷൻ

ആദ്യവർഷ സേവിംഗ്‌സ് ആൻഡ് ലിങ്ക്‌ഡ് ലൈഫ്: 5 മുതൽ 25 ശതമാനം വരെ(നിലവിൽ 40 ശതമാനത്തിലധികം)

ടേം ഇൻഷ്വറൻസ് : 25 മുതൽ 30 ശതമാനം വരെ(നിലവിൽ 51 ശതമാനം വരെ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSURANCE PREMIUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360