SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.53 PM IST

 ചെന്താമരയുടെ വധശിക്ഷ വിധിയിൽ ആശ്വാസം; എങ്കിലും ഭീതിയോടെ ബോയൻ ഉന്നതിക്കാർ

chenthamara
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചെന്താമരയുടെ പോത്തുണ്ടിയിലെ വീട് കാടുപിടിച്ച നിലയിൽ. സുധാകരനെ വെട്ടിക്കൊലപ്പെടുത്തി വീഴ്ത്തിയ റോഡും കാണാം.

നെന്മാറ: പോത്തുണ്ടിയിൽ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതിൽ ആശ്വാസത്തിലാണ് നെന്മാറ പോത്തുണ്ടി ബോയൻ ഉന്നതിയിലുള്ളവർ. പക്ഷേ വിധിയുടെ ആശ്വാസത്തിലും ചെന്താമരയെ അടുത്തറിയുന്നവർക്ക് ഭീതി ഒഴിഞ്ഞിട്ടില്ല. ബോയൻ ഉന്നതിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചത്. 2019 ൽ സുധാരന്റെ ഭാര്യ സജിതയെ വെട്ടികൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്കിടെ പരോളിലിറങ്ങിയാണ് ചെന്താമര വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യയും മക്കളും പിണങ്ങിപോകാനുള്ള കാരണം സജിതയാണെന്ന് പറഞ്ഞാണ് ചെന്താമര ആദ്യം സജിതയെ വകവരുത്തിയത്. കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെ വീണ്ടും കൊലപാതകം നടത്തിയതാണ് ബോയൻ ഉന്നതിയിലുള്ളവരെ ഭീതിയിലാഴ്ത്തിയത്. കൊലപാതകത്തിന് ശേഷം തൊട്ടടുത്ത മലയിൽ കയറിയൊളിച്ച ചെന്താമരയെ 36 മണിക്കൂറിന്‌ശേഷമാണ് പോലീസ് പിടികൂടിയത്. ഇതുവരെയും പ്രദേശത്തുള്ളവർ ഭീതിയിലായിരുന്നു. പ്രധാന സാക്ഷികളിലൊരാളായ, വീടിനു മുൻവശത്തുള്ള പുഷ്പയെയും വകവരുത്തുമെന്ന് ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു.
കേസിന്റെ ഭാഗമായി പ്രദേശത്തുള്ള 90 ലധികം പേരാണ് സാക്ഷികളായി മൊഴി നൽകാനായി എത്തിയത്. ഇവരെ എല്ലാം നേരിട്ടറിയുന്നയാളാണ് ചെന്താമരയെന്നതുകൊണ്ട് വീണ്ടും പുറത്തിറങ്ങിയാൽ തങ്ങൾക്ക് ഭീഷണിയാകുമെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്. ചെന്താമരയുടെ വീടിനു മുന്നിലാണ് പുഷ്പയുടെ വീട്. അതിനു തൊട്ടടുത്താണ് സുധാകരന്റെയും വീട്. സംഭവങ്ങൾക്ക് ശേഷം മൂന്നു വീടും അടഞ്ഞ് കാടുപിടിച്ചുകിടക്കുകയാണ്. ഈ ഭാഗത്തേക്കും ആളുകൾ പോകാതായി. ചെന്താമരയ്ക്ക് പ്രതീക്ഷിച്ച വിധി തന്നെ നൽകിയതിൽ സന്തോഷമുണ്ടെന്നും യാതൊരു തരത്തിലും പുറത്തിറക്കരുതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതിനെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രതിഭാഗം വക്കീൽ ജേക്കബ് മാത്യു പറഞ്ഞു. ശിക്ഷ ഇളവ് ലഭിച്ചാൽ വീണ്ടും നാട്ടിലെത്താനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോടതിയിൽ പലപ്പോഴായി സാക്ഷി വിസ്താരത്തിനായി ഹാജരായ പ്രദേശവാസികൾ ഇതോടെ ഭീതിയിൽ തുടരുകയാണ്. അതിനാൽ കടുത്ത ശിക്ഷ ഉറപ്പാക്കാൻ സർക്കാർതലത്തിൽ ശക്തമായ നടപടി ഉണ്ടാവണമെന്നാണ് ബോയൻ ഉന്നതിയിലുള്ള പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MURDERED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL