SignIn
Kerala Kaumudi Online
Friday, 07 August 2026 2.37 AM IST

കോച്ച് ഫാക്ടറിയുമില്ല എയിംസുമില്ല: 239 ഏക്കർ സ്ഥലം കാട് പിടിച്ച് കിടക്കുന്നു

kanjikode
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ മുന്നിലൂടെയുള്ള വഴി അടച്ചിട്ട നിലയിൽ.

കഞ്ചിക്കോട്: കോച്ച് ഫാക്ടറിയുമില്ല, എയിംസുമില്ല എന്ന് വന്നതോടെ ഏറ്റെടുത്ത സ്ഥലം എന്ത് ചെയ്യുമെന്നത് ചോദ്യചിഹ്നമായി മാറി. കഞ്ചിക്കോട് വ്യവസായ മേഖലയിൽ 239 ഏക്കർ സ്ഥലമാണ് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത് നൽകിയത്. കോച്ച് ഫാക്ടറി ഇല്ലാതാകുമെന്ന് ഉറപ്പായ ഘട്ടത്തിൽ സ്ഥലം എയിംസിനായി പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ എയിംസിനായി സംസ്ഥാന സർക്കാർ പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് കഞ്ചിക്കോട് പുറത്തായി. കോച്ച് ഫാക്ടറി ഉപേക്ഷിച്ചത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രഖ്യാപനവും വന്നു. കോച്ച് ഫാക്ടറിയും ഇല്ല എയിംസും ഇല്ല എന്ന് വന്നതോടെ സ്ഥലം ഇനി കാടു പിടിച്ച് കിടക്കും. ഇപ്പോൾ കന്നുകാലികളുടെയും ആനകളുടെയും താവളമാണിവിടം. സ്ഥലം റെയിൽവേയുടെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കും എന്നാണ് ഔദ്യോഗിക വിശദീകരണം. പക്ഷെ റെയിൽവേയുടെ അധീനതയിൽ നിലവിലുള്ള സ്ഥലങ്ങൾ തന്നെ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ സാഹചര്യത്തിൽ 239 ഏക്കർ സ്ഥലം എന്താവശ്യത്തിന് ഉപയോഗിക്കും എന്നതിൽ ഒരു വ്യക്തതയുമില്ല.
 ഏറ്റെടുത്ത ഭൂമി എന്ത് ചെയ്യും?
2008-09 റെയിൽവേ ബഡ്ജറ്റിലാണ് കോച്ച് ഫാക്ടറി അനുവദിച്ച് പ്രഖ്യാപനമുണ്ടായത്. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് പാലക്കാട് ഡിവിഷൻ വെട്ടി മുറിച്ച് സേലം ഡിവിഷൻ രൂപം നൽകിയപ്പോൾ പകരം നൽകിയ വാഗ്ദാനമായിരുന്നു കോച്ച് ഫാക്ടറി. തുടർന്ന് 239 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകി. 2012 ഫെബ്രവരി 21ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും റെയിൽവേ മന്ത്രി ദിനേശ് ത്രിവേദിയും ചേർന്ന് പാലക്കാട് കോട്ട മൈതാനത്ത് കോച്ച് ഫാക്ടറിയുടെ തറക്കല്ലിട്ടു. 2018 ൽ പദ്ധതി ഉപേക്ഷിച്ചതായി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചു. ആവശ്യം ഉള്ള കോച്ചുകൾ ഉദ്പാദിപ്പിക്കാൻ നിലവിലുള്ള ഫാക്ടറികൾ പര്യാപ്തമാണെന്നായിരുന്നു വിശദീകരണം. ദിവസങ്ങൾക്ക് മുമ്പ് രാജ്യസഭയിൽ നടന്ന പ്രഖ്യാപനത്തോടെ കോച്ച് ഫാക്ടറി പൂർണമായി അടഞ്ഞ അധ്യായമായി. ഇവിടെ എയിംസ് വരില്ലെന്ന കാര്യത്തിലും ഏകദേശ തീരുമാനമായതോടെ ഏറ്റെടുത്ത ഭൂമി എന്തുചെയ്യുമെന്നാണ് ഇനി അറിയേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, AIIMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL