വാളയാർ: പ്രവർത്തന സജ്ജമായ ഒരു പൊതമേഖലാസ്ഥാപനം സർക്കാർ അനുമതിയില്ലാത്തതു കൊണ്ട് മാത്രം നിർജ്ജീവം. പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറിയുടെ അവസ്ഥയാണിത്. ഇവിടുത്തെ പ്ലാന്റ് ഇല്ലാതാകാൻ പോകുന്നുവെന്നും മെഷിനറികൾ തിരുവല്ലയിലേക്ക് മാറ്റാൻ പോകുന്നുവെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനാൽ മാനേജ്‌മെന്റും ജീവനക്കാരും ആശങ്കയിലാണ്. ട്രാവൻകൂർ ഷുഗേഴ്സ് ലിമിറ്റഡിലേക്ക് മെഷിനറി ഉൾപ്പെടെയുള്ള സാധനങ്ങൾ മാറ്റുന്നതിനെ കുറിച്ചുള്ള അണിയറ ചർച്ചകൾ തകൃതിയായി നടക്കുന്നുവെന്ന പ്രചാരണമാണ് നടക്കുന്നത്. കെട്ടിടവും മെഷിനറികളും ജീവനക്കാരും അസംസ്‌കൃത വസ്തുക്കളും ഉണ്ടായിട്ടും ഉദ്പാദനം തുടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് മലബാർ ഡിസ്റ്റിലറി. മദ്യം ഉദ്പാദനം തുടങ്ങാൻ സർക്കാർ കനിയുന്നതും കാത്തിരിക്കുകയാണ് മാനേജ്‌മെന്റ്. മലബാർ ഡിസ്റ്റിലറിയുടെ ഉൽപ്പന്നമായ മദ്യം 'മിന്നൽ മാജിക്' ജൂണിൽ വിപണിയിൽ ഇറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ആഗസ്റ്റ് ആയിട്ടും ഉദ്പാദനം തുടങ്ങാൻ യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. പ്ലാന്റ് ഉദ്ഘാടന സമയത്ത് തന്നെ രാഷ്ട്രീയ ഭിന്നത നിലനിന്നിരുന്നു. ഇടതു സർക്കാരിന്റെ അവസാന കാലത്ത് അന്നത്തെ മന്ത്രി എം.ബി.രാജേഷ് തിരക്കിട്ട് ഉദ്ഘാടനം ചെയ്ത പദ്ധതിയാണിത്. അന്ന് ഡിസ്റ്റിലറി പ്രവർത്തനം തുടങ്ങുന്നതിന് വേണ്ട പണികൾ ത്വരിത ഗതിയിലാണ് പരോഗമിച്ചത്. ഇ ടെണ്ടർ വഴി മെഷിനറികൾ വാങ്ങി സ്ഥാപിച്ചു. മദ്യം ഉദ്പാദിപ്പിക്കുന്നതിന് വേണ്ട അസംസ്‌കൃത വസ്തുക്കൾ എത്തിക്കുകയും ചെയ്തു. കുടുംബശ്രീ വഴി ഇന്റർവ്യൂ നടത്തി സ്റ്റാഫുകളുടെ ലഭ്യതയും ഉറപ്പ് വരുത്തി. പക്ഷെ തിരഞ്ഞെടുപ്പും ഭരണമാറ്റവും കാര്യങ്ങൾ തകിടം മറിച്ചു. തുടക്കത്തിൽ മലമ്പുഴ ഡാമിലെ വെള്ളം ഉപയോഗിച്ചും പിന്നീട് മഴവെള്ളം ഉപയോഗിച്ചും പ്രവർത്തിക്കുന്ന രീതിയിലാണ് പ്ലാന്റ് രൂപകൽപ്പന ചെയ്തത്.ഡിസ്റ്റിലറിയുടെ അധീനതയിലുള്ള 117 ഏക്കർ സ്ഥലത്ത് മഴ വെള്ള സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. മലമ്പുഴ വെള്ളം എടുക്കുന്നതിൽ കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
രാഷ്ട്രീയ താൽപ്പര്യത്തിന്റെ പേരിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ഉദ്പാദനം തുടങ്ങുന്നതിന് തടസം നിൽക്കുന്ന യു.ഡി.എഫ് സർക്കാർ നടപടി ഖേദകരമാണ്. രാഷ്ട്രീയ പകപോക്കലിന്റെ ഇരകളാകുന്നത് ജീവനക്കാരാണ്. സ്വകാര്യ മദ്യലോബിയെ സഹായിക്കാൻ ഒരു പൊതുമേഖലാ സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുകയാണ്. മലബാർ ഡിസ്റ്റിലറി ഇല്ലാതാക്കാൻ സർക്കാർ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
- എ.പ്രഭാകരൻ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |