പട്ടാമ്പി: തൃത്താല നിളാതടത്തിലെ നെൽവയലിൽ സന്ദർശകനായി ചോരക്കാലി പക്ഷിയെത്തി. കോമൺ റെഡ് ഷാങ്ക് എന്നുപേരുള്ള ചോരക്കാലി പക്ഷി യൂറേഷ്യൻ മേഖലയിൽ പ്രജനനം നടത്തുന്ന ഇനമാണ്. പക്ഷിനിരീക്ഷകനും പാലക്കാട് സിവിൽ സ്റ്റേഷനിലെ ലാൻഡ് അക്വിസിഷൻ ജനറൽ ഓഫീസിൽ തഹസിൽദാരുമായ ഷിനോ ജേക്കബ് കൂറ്റനാടാണ് തൃത്താലയിലെ നെൽവയലിൽ വെച്ച് ഇതിന്റെ ചിത്രം പകർത്തിയത്. പ്രജനനകാലത്തിനുശേഷം കേരളത്തിലെത്തുമ്പോൾ ചോരക്കാലി പക്ഷിയുടെ ശരീരത്തിന്റെ പുറംഭാഗം ചാര തവിട്ടുനിറവും അടിഭാഗം വെള്ളകലർന്ന നിറവുമായിരിക്കും. നീളമുള്ള ചുവന്ന കാലുകൾ ഇവയുടെ പ്രത്യേകതയാണ്. കൊക്കിന്റെ കുറച്ചുഭാഗത്തിന് ചുവപ്പുനിറമാണ്. വളരെ അപൂർവമായിമാത്രം തൃത്താല നിളാതടത്തിൽ സന്ദർശകനായി എത്തിയിട്ടുള്ള പക്ഷിയാണ് ചോരക്കാലിയെന്ന് പക്ഷിനിരീക്ഷകർ പറയുന്നു. തൃത്താല മേഖലയിൽ ജൂലായ് പകുതിയോടെ ദേശാടനപ്പക്ഷികൾ എത്തിത്തുടങ്ങി. ആദ്യമെത്തിയത് പുള്ളിക്കാട കൊക്ക് എന്ന ഇനമാണ്. പിന്നീട് നീർക്കാട, കുരുവി മണലൂതി, ടെമിങ്കി മണലൂതി, മുൾവാലൻ ചുണ്ടൻകാട, പൊൻമണൽക്കോഴി, വരി എരണ്ട, മംഗോളിയൻ മണൽക്കോഴി തുടങ്ങി നിരവധിയിനം പക്ഷികളും എത്തി. വെള്ളമുള്ള പ്രദേശങ്ങളിൽ ജീവിക്കാനിഷ്ടപ്പെടുന്ന ചോരക്കാലി പക്ഷികൾ ചെറുജീവികളെയാണ് ഭക്ഷണമാക്കുക. പക്ഷിനിരീക്ഷകർ അവരുടെ നിരീക്ഷണ റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തുന്ന ഇബേഡ് എന്ന വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം പാലക്കാട് ജില്ലയിൽ ഈ പക്ഷിയെ തൃത്താല മേഖലയ്ക്കു പുറമേ ചിറ്റൂർ താലൂക്കിലെ കമ്പാലത്തറ വെങ്കാലക്കയം ഏരിയിലും മലമ്പുഴ ഡാമിലും മാത്രമേ ഇതിനു മുൻപ് കണ്ടിട്ടുള്ളൂ. പ്രജനനത്തിനുശേഷം ജൂൺമാസം മുതൽ ഇവ ദേശാടനം ആരംഭിക്കും. പിന്നീട് ഫെബ്രുവരി - ഏപ്രിൽ മാസങ്ങളിൽ ഇവ ജന്മനാട്ടിൽ തിരിച്ചെത്തും. ഈ പക്ഷിവർഗം ദേശാടകരായി കേരളത്തിലേക്കെത്തുന്നതുപോലെ ആഫ്രിക്കയിലേക്കും എത്തുന്നതിനാൽ ആഫ്രിക്കൻയൂറേഷ്യൻ അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ഇവയുടെ സംരക്ഷണം ഉറപ്പു വരുത്തിയിട്ടുള്ളതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |