SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.18 PM IST

പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങൾ ഒരുങ്ങുന്നു; പുതിയ സീസണിനായി

tractor

തൃത്താല: പാലക്കാട് ജില്ലയിലെ പടിഞ്ഞാറൻ മേഖലയിപ്പോൾ തിരക്കിലാണ്. പുതിയ സീസണിനായി പാടശേഖരങ്ങൾ ഒരുക്കുന്ന തിരക്കിൽ. രണ്ടാംവിള നെൽക്കൃഷിക്കായി പാടങ്ങൾ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കലും വരമ്പ് നിർമ്മിക്കലും തകൃതിയായി പുരോഗമിക്കുകയാണ്. ഓണത്തിന് മുമ്പേ ഞാറ്റടി തയ്യാറാക്കിയ ആനക്കര മേഖലയിലെ പാടശേഖരങ്ങളിൽ നടീൽ ആരംഭിച്ചു. നേരത്തേതന്നെ കൃഷിഭവനുകൾ വഴി കർഷകർക്ക് വിത്ത് ലഭ്യമാക്കിയിരുന്നു. ഇത്തവണയും മിക്ക കർഷകരും പൊന്മണി വിത്താണ് ഉപയോഗിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് പ്രധാനമായും ഞാറുപറിച്ചു നടുന്നതിനായി പാടശേഖരങ്ങളിലുള്ളത്. എന്നാൽ, പാടങ്ങൾ വീണ്ടും പച്ചപിടിക്കാനുള്ള ഒരുക്കത്തിലായിട്ടും പല കർഷകരുടെയും മനസിൽ ആശങ്കയാണ്. ലക്ഷങ്ങൾ ചെലവഴിച്ച് കൃഷി നടത്തിയശേഷം നെല്ലുസംഭരിച്ച പണത്തിനായി മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം ഇത്തവണയും നെൽക്കൃഷിയിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്നതായി കർഷകർ പറയുന്നു. ട്രാക്ടർ ഉപയോഗിച്ച് പാടം ഉഴുതുമറിക്കാൻ മണിക്കൂറിന് ആയിരം രൂപയാണ് ചെലവ്. ഞാറുപറിച്ചുനടാൻ ഒരേക്കറിന് നാലായിരം രൂപ കൂലിയായി നൽകണം. വരമ്പുവെക്കൽ ഉൾപ്പെടെയുള്ള പണികൾക്ക് ഒരാൾക്ക് ദിവസക്കൂലിയായി ആയിരം രൂപയും ഭക്ഷണച്ചെലവും നൽകേണ്ടിവരുന്നുണ്ട്. വർദ്ധിച്ച കൂലിച്ചെലവും മറ്റുചെലവുകളും ചേർന്ന് കൃഷിക്ക് വൻതുക ചെലവഴിക്കേണ്ട സാഹചര്യമാണ്. കഴിഞ്ഞ രണ്ടാംവിളയിൽ മികച്ച വിളവ് ലഭിച്ചിരുന്നെങ്കിലും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടിവന്നത് കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. പലയിടങ്ങളിലും ഇപ്പോഴും കർഷകർക്ക് നെല്ലിന്റെ മുഴുവൻതുകയും ലഭിക്കാനുണ്ടെന്ന് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL