
തിരുവല്ല : നഗരസഭാ മൈതാനത്ത് ശബരിമല ഇടത്താവളം നിർമ്മിക്കാനായി 2021 നവംബറിൽ ആരംഭിച്ച പദ്ധതി പൈലിംഗിൽ ഒതുങ്ങി. സംസ്ഥാന സർക്കാർ അനുവദിച്ചതിൽ ചെലവഴിക്കാതിരുന്ന 40 ലക്ഷവും നഗരസഭയുടെ 35 ലക്ഷം രൂപയും വിനിയോഗിച്ച് ഇരുനിലകളിലായി ഇടത്താവളം സജ്ജമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി പിന്നീട് പൈലിംഗ് ജോലികളും തുടങ്ങി. അടുത്ത ശബരിമല സീസണിന് മുന്നോടിയായി ഇടത്താവളം പണിപൂർത്തീകരിച്ച് തുറന്നുകൊടുക്കുമെന്ന് അറിയിച്ചെങ്കിലും എല്ലാം വെറുംവാക്കായി.
എന്നാൽ പദ്ധതി ഫലം കാണാതായതോടെ തീർത്ഥാടനകാലത്ത് നഗരസഭ താൽക്കാലിക ഷെഡ് നിർമ്മിച്ച് വർഷംതോറും പണം പാഴാക്കുകയാണ്.
പദ്ധതിക്ക് വിനിയോഗിക്കുന്നത് : 75 ലക്ഷം
സൗകര്യങ്ങൾ ഇങ്ങനെ
കെട്ടിടത്തിന്റെ വിസ്തീർണം : 600 ചതുരശ്ര മീറ്റർ.
താഴത്തെ നിലയിൽ
ഭക്ഷണശാല, അടുക്കള, രണ്ട് മുറികൾ, എട്ട് ശൗചാലയങ്ങൾ, തുണി കഴുകൽ കേന്ദ്രം എന്നിവ 3000 ചതുരശ്ര അടിയിൽ.
മുകളിലത്തെ നില
പൂർണമായി വിരിവയ്ക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം.
തുക മുഴുവൻ ചെലവിടാതെ നഗരസഭ
ശബരിമല തീർത്ഥാടന കാലത്തേക്ക് 15ലക്ഷം രൂപ വർഷംതോറും സർക്കാർ അനുവദിക്കുന്നുണ്ട്. ഈ തുക മുഴുവനും ചെലവഴിച്ച് തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മിക്കപ്പോഴും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. അനുവദിക്കുന്നതിൽ പകുതി തുക പോലും ചെലവഴിക്കാറില്ലെന്നാണ് ആക്ഷേപം. ലഭിക്കുന്ന തുക കാര്യക്ഷമമായി വിനിയോഗിക്കാത്തതിനാൽ ഫണ്ട് കുറയ്ക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ചെങ്ങന്നൂരിൽ ഇതേപോലെ അനുവദിച്ച തുക നന്നായി വിനിയോഗിച്ചതോടെ ഇപ്പോൾ സർക്കാർ തുക വർദ്ധിപ്പിച്ചു നൽകി.
താൽക്കാലിക ഷെഡ് പണി തുടങ്ങി
ഈ വർഷവും പതിവുപോലെ തിരുവല്ല നഗരസഭയും അയ്യപ്പസേവാസംഘവും ചേർന്ന് നഗരസഭാ സ്റ്റേഡിയത്തിൽ താൽക്കാലിക ഇടത്താവളം ഒരുക്കുന്ന പണികൾ തുടങ്ങിയിട്ടുണ്ട്. ഇവിടെ മണ്ണിട്ടുയർത്തി താത്കാലിക ഷെഡ് പണിയുകയാണ്. 16 മുതൽ പ്രവർത്തിച്ച് തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. വിരിവയ്ക്കാനും ഉച്ചഭക്ഷണവും ശൗചാലയ സൗകര്യവും മാത്രമാണ് ഇവിടെ ലഭിക്കുക. ദൈനംദിന ചെലവുകളും മറ്റുമെല്ലാം സ്വകാര്യ വ്യക്തികളുടെ സഹായത്താലാണ് നടന്നുവരുന്നത്.
ശബരിമല ഇടത്താവളത്തിലെ വൈദ്യുതിയുടെ ചെലവ് നഗരസഭ വഹിക്കാൻ തയ്യാറാകണം. ദൈനംദിന മറ്റു ചെലവുകളെല്ലാം വഹിക്കുന്നത് അയ്യപ്പസേവാ സമാജമാണ്.
ലാൽ നന്ദാവനം
(സംസ്ഥാന കമ്മിറ്റിയംഗം, താലൂക്ക് പ്രസിഡന്റ്, അയ്യപ്പസേവാ സമാജം )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |