SignIn
Kerala Kaumudi Online
Thursday, 22 October 2026 4.59 PM IST

പാപദോഷമകറ്റാൻ തീർത്ഥാടകർ : പറ കൊട്ടിപ്പാടി വേലാചാര്യൻമാർ

ശബരിമല: ശബരീശ സന്നിധിയിലെത്തുന്ന തീർത്ഥാടകരുടെ പാപദോഷം ഒഴിയാൻ പറ കൊട്ടിപ്പാടുകയാണ് വേലാചാര്യൻമാർ. മാളികപ്പുറം ക്ഷേത്രത്തിനും മണിമണ്ഡപത്തിനുമിടയിൽ നാഗരാജ പ്രതിഷ്ഠയ്ക്കും മലദൈവ പ്രതിഷ്ഠയ്ക്കും മദ്ധ്യഭാഗത്തുള്ള പ്രത്യേക സ്ഥാനത്തിരുന്നാണ് പറ കൊട്ടിപ്പാടുന്നത്.

ശ്രീപരമേശ്വരന്റെ തുടിയുടെ നാദമായ 'ചെകിയം... ചെകു ചെം ചെകു ...' എന്ന താളത്തിൽ ആദിയോഗി കല്പിച്ചനുവദിച്ച മന്ത്ര സഹിതം മുഴക്കുന്ന ഭാരത പറയുടെ നാദം കേൾക്കുന്ന ദിക്കിലെ ദുഃഖവും ദുരിതവും ഒഴിഞ്ഞുപോകുമെന്നാണ് വിശ്വാസം.

അയ്യപ്പന്റെ ശത്രുദോഷം പറകൊട്ടിപ്പാട്ടിലൂടെ അകറ്റിയതോടെയാണ് വേലാചാര്യൻമാർക്ക് ശബരിമലയിലും സ്ഥാനം ലഭിച്ചതെന്നാണ് ഐതിഹ്യം.പന്തളത്ത് വസിച്ചിരുന്ന കാലത്ത് അയ്യപ്പനേറ്റ ശത്രുദോഷം തീർക്കാൻ വൈദികരും മാന്ത്രികരും പരിശ്രമിച്ചിട്ടും സാധിച്ചില്ല. വേലാചാര്യന്മാർക്ക് മാത്രമേ അയ്യപ്പനെ രക്ഷിക്കാൻ കഴിയൂവെന്ന് പരമശിവൻ അരുളി. ദേവന്മാർ വേലന്മാരെ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പരമേശ്വരനും പാർവതീദേവിയും വേലനും വേലത്തിയുമായി വേഷം ധരിച്ച് ഭഗവാന്റെ ശത്രുദോഷം പറ കൊട്ടിപ്പാടി ഒഴിപ്പിച്ചു.

അനുവദിച്ചത്

പന്തളം രാജാവ്


ശബരിമലയിൽ വരുന്ന ഭക്തരുടെ ശത്രുദോഷം, നാവേറ് ദോഷം, പ്രാക്ക് ദോഷം , ദൃഷ്ടി ദോഷം, പിണിയും പിണിപ്പാടും ഭയവും ഭയപ്പാടും തുടങ്ങി സമസ്ത ദുഃഖവും ദുരിതവും അടി മുതൽ മുടി വരെ പാടി ഒഴിപ്പിക്കാൻ തന്നോടൊപ്പം വേലാചാര്യന്മാർ ഉണ്ടാകണമെന്ന് അയ്യപ്പൻ പന്തളം രാജാവിനോട് ആവശ്യപ്പെട്ടു. പന്തളം രാജാവാണ് വേലൻ സമുദായത്തിന് ശബരിമലയിൽ പറകൊട്ടിപ്പാടാൻ അനുമതി നൽകിയത്.ശിവനെ അടവീശ്വരനായാണ് (കാട്ടാള വേഷധാരി) വേലൻ സമുദായം പൂജിക്കുന്നത്. തിരുവാഭരണ പാതയിൽ റാന്നി ആയിക്കലിൽ വേലൻ സമുദായത്തിന് അടവീശ്വര ക്ഷേത്രമുണ്ട്. ഇവിടെയും ഭക്തർ ദോഷമകറ്റാനായി എത്താറുണ്ട്.ശംഖ്, പറ, തുടി എന്നിവ മുഴക്കിയാണ് പാടാറുള്ളത്. ശബരിമലയിൽ പറയാണ് ഉപയോഗിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL