തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നാളെ തൃക്കാർത്തിക നാളിൽ നടക്കുന്ന പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ പുലർച്ചെ 4ന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും. 9ന് വിളിച്ചുചൊല്ലി പ്രാർത്ഥനയും നടക്കും. തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി പകരുന്ന ദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക് പകരും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ മുഖ്യാതിഥിയാകും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.
11ന് 500ൽ അധികം പൂജാരിമാരുടെ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനുശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി കെ.ബി.ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കും. പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നിപകരും.
വിപുലമായ ക്രമീകരണങ്ങൾ
ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രാഥമികാവശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്ക് പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തി. കൂടാതെ വിവിധ സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി പ്രധാന ഡിപ്പോകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് പ്രത്യേക സർവ്വീസുകൾ ഒരുക്കിയിട്ടുണ്ട്. തിരുവല്ല, ചെങ്ങന്നൂർ മുതൽ തകഴിവരെ വാഹന പാർക്കിംഗിന് സൗകര്യങ്ങൾ ഏർപ്പെടുത്തി. പ്ലാസ്റ്റിക്ക് പൂർണ്ണമായി നിരോധിച്ചും ഹരിതചട്ടങ്ങൾ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങൾ.
സേവന പ്രവർത്തനങ്ങൾക്ക് 3001 വോളന്റിയേഴ്‌സ്
പന്ത്രണ്ടു നോയമ്പ് ഉത്സവം 16 മുതൽ 27വരെ
നാരീപൂജ : 20ന്, ഉദ്ഘാടനം പ്രമുഖ സമൂഹിക പ്രവർത്തകയും വ്യവസായിയുമായ റാണി മോഹൻദാസ്.
26ന് കലശവും തിരുവാഭരണ ഘോഷയാത്രയും.
തിരുവല്ല - അമ്പലപ്പുഴ റൂട്ടിൽ
ഭാരവാഹനങ്ങൾ നിരോധിച്ചു
തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ ഇന്നും നാളെയും ഭാരവാഹനങ്ങൾ നിരോധിച്ചു.
അവധി അറിയിപ്പ്
പൊങ്കാലയോടനുബന്ധിച്ച് തിരുവല്ല, കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13ന് അവധിയായിരിക്കും. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |