
കോന്നി : നാടിന്റെ വികസന സ്വപ്നങ്ങൾക്ക് വഴിയൊരുക്കി അരുവാപ്പുലം- ഐരവൺ പാലത്തിന്റെ കോൺക്രീറ്റ് ആരംഭിച്ചു. 12.25 കോടി രൂപ ചെലവിൽ പൊതുമരാമത്ത് പാലം വിഭാഗമാണ് നിർമ്മിക്കുന്നത്. പണികൾ വേഗത്തിൽ പുരോഗമിക്കുന്നു. അരുവാപ്പുലം ഭാഗത്തുള്ള മൂന്നു തൂണുകൾക്ക് മുകളിലുള്ള സ്ലാബാണ് കഴിഞ്ഞദിവസം കോൺക്രീറ്റ് ചെയ്തത്. മുഴുവൻ തൂണുകളുടെയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
പാലത്തിന് 183.7 മീറ്റർ നീളമുണ്ടാകും. ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയും വരും. അച്ചൻകോവിലാറിന് കുറുകെ മൂന്ന് സ്പാനുകളും ഇരുകരകളിലുമായി ആറ് ലാൻഡ് സ്പാനുകളുമാണുള്ളത്. ഇവയിൽ ഒരുലാൻഡ് സ്പാൻ ഐരവൺ ഭാഗത്തും അഞ്ച് ലാൻഡ് സപാനുകൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി. എം. ആൻഡ് ബി. സി. ഉപരിതല നിർമ്മാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് പാലത്തിനുള്ള സമീപനപാത വിഭാവനം ചെയ്തിരിക്കുന്നത്. പൂർത്തീകരണ കാലാവധി ഒന്നര വർഷമാണ്.
പാലത്തിന്റെ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി ഭൂ ഉടമകൾക്ക് നഷ്ട പരിഹാരത്തുക നൽകുന്നതുമായി ബന്ധപ്പെട്ട് 13ന് രാവിലെ 10.30 ന് വസ്തു ഉടമകളുടെ പബ്ലിക് ഹിയറിങ് അരുവാപ്പുലം പഞ്ചായത്ത് ഓഫീസ് ഹാളിൽ നടക്കും.
തെങ്കാശിക്കും കൊല്ലത്തിനും കൂടി പ്രയോജനം
അച്ചൻകോവിൽ - പ്ലാപ്പള്ളി റോഡിൽ നിന്നാണ് പാലം ഐരവൺ കരയുമായി ബന്ധിക്കുന്നത്. അതിനാൽ പാലം വരുന്നതോടെ കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് കോന്നിയിൽ എത്താതെ അച്ചൻകോവിൽ റോഡുവഴി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്താം. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലുള്ളവർ 150 കിലോമീറ്റർ സഞ്ചരിച്ച് മധുര മെഡിക്കൽ കോളേജിനെയാണ് ചികിത്സയ്ക്കായി ഇപ്പോൾ ആശ്രയിക്കുന്നത്. പാലം വരുന്നതോടെ ഇവർക്ക് പകുതി ദൂരം യാത്ര ചെയ്താൽ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്താം
-------------------
നീളം : 183.7 മീറ്റർ
വീതി : 11 മീറ്റർ
നടപ്പാത : ഇരുവശത്തും 1.5 മീറ്റർ വീതിയിൽ.
ചെലവ് 12.25 കോടി
-------------------------
അതിവേഗമാണ് പാലം നിർമ്മാണം പുരോഗമിക്കുന്നത്.ഒരു നാടിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് ഇതിലൂടെ സഫലീകരിക്കപ്പെടുന്നത്. അരുവാപ്പുലം, ഐരവൺ വില്ലേജുകളെ പാലം ബന്ധിപ്പിക്കുമ്പോൾ പഞ്ചായത്ത് പ്രദേശം ഒന്നാകും. ഇത് നാടിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കും.
അഡ്വ. കെ.യു . ജനീഷ് കുമാർ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |