
പത്തനംതിട്ട : പത്തനംതിട്ടയിൽ ഒരു റെയിൽവെ സ്റ്റേഷൻ, വികസനം ആഗ്രഹിക്കുന്ന ഏതൊരാളുടെയും ചിന്തയിലെ വലിയ സ്വപ്നം. ആ വലിയ ചിന്തയ്ക്ക് രൂപമൊരുക്കിയിരിക്കുകയാണ് കുലശേഖരപതി സ്വദേശി അർജുൻ. തിരുവനന്തപുരത്ത് ബി.എസ് സി ഇന്റീരിയർ ഡിസൈനിംഗിന് പഠിക്കുന്ന അർജുൻ ചെറുമാതൃകകളിലൂടെ ശ്രദ്ധനേടുകയാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊവിഡ് കാലത്താണ് ആദ്യമായി ഹാഡ്ബോഡു കൊണ്ട് പ്രമാടം നേതാജി സ്കൂളിന്റെ ചെറുമാതൃക നിർമ്മിച്ച് സ്കൂളിലെ താരമായത്. രണ്ടു എം.എം ഫോം ഷീറ്റിൽ ഏഴു മാസത്തോളമെടുത്തു റെയിൽവെ സ്റ്റേഷൻ പൂർത്തിയാക്കാൻ. ബുർജ് അൽ അറബ്, ബുർജ് ഖലീഫ, പത്തനംതിട്ട അബാൻ മേൽപാലം, സെക്രട്ടറിയേറ്റ് തുടങ്ങിയവ അർജുന്റെ സൃഷ്ടികളിൽ ചിലത് മാത്രം.
വലഞ്ചുഴി ദേവീക്ഷേത്രത്തിന്റെ മാതൃക നിർമ്മിച്ചതിലൂടെ 2020ൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കാഡിന് ഉടമയായി, 2020ൽ ചെയ്ത ബുർജ് ഖലീഫയുടെ ചെറുമാതൃകയും അവാർഡിന് അർഹമായി. അടുത്തദിവസം ജില്ലാ കളക്ടറെ പത്തനംതിട്ട റെയിൽവേ സ്റ്റേഷന്റെ മാതൃക കാണിക്കാനൊരുങ്ങുകയാണ് അർജുൻ. പിതാവ് ചന്ദ്രബാബുവും മാതാവ് സുജയും സഹോദരൻ ആനന്ദും അർജുന് പിന്തുണയുമായി ഒപ്പമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |