പത്തനംതിട്ട : ജില്ലാ പഞ്ചായത്തും ക്ലീൻ കേരളാ കമ്പനിയും ചേർന്നുള്ള സംരംഭമായ പ്ളാസ്റ്റിക് പാഴ് വസ്തു സംസ്കരണ ഫാക്ടറി കുന്നന്താനം കിൻഫ്ര പാർക്കിൽ നിർമാണം പൂർത്തിയാക്കി. സർക്കാരും തദ്ദേശസ്ഥാപനവും ചേർന്ന് സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന പാഴ് വസ്തു സംസ്കരണ ഫാക്ടറിയാണിത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കേരളാ കമ്പനി വഴി അനുവദിച്ച ഫണ്ടും ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭയുടെയും ഫണ്ടും ഇതിനായി ചെലവഴിച്ചിട്ടുണ്ട്.
ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ തരംതിരിച്ച ശേഷം ഇവിടെ എത്തിച്ച് സംസ്‌കരിച്ച് തരികളാക്കും. ഇതുപയോഗിച്ചാണ് പ്ലാസ്റ്റിക് ഉപകരണങ്ങൾ നിർമ്മിക്കുന്നത്. ഫാക്ടറിയുടെ പ്രവർത്തനം മൂലം പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. പതിനായിരം ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടം, ബെയിലിംഗിനും വാഷിംഗിനുമുള്ള യന്ത്രങ്ങൾ, സോളാർ പവർ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനം 10ന്
ഫാക്ടറിയുടെ ഉദ്ഘാടനം 10ന് വൈകിട്ട് 4.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹക്കും. മികച്ച പ്രവർത്തനം നടത്തുന്ന ഹരിത കർമസേനയെ ആരോഗ്യ മന്ത്രി വീണാ ജോർജ് ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി.എം.പി, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.
നിർമ്മാണ ചെലവ് 8 കോടി, ഒരു ദിവസം 2 ടൺ പ്ളാസ്റ്റിക് സംസ്കരിക്കും,
5 ടൺ സംസ്കരിക്കാൻ പ്ലാന്റ് വിപുലീകരിക്കും
തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ക്ലീൻ കേരളാ കമ്പനിയുടെ ചുമതലയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്ന രീതിയാണ് ഇപ്പോൾ നടന്നുവരുന്നത്. കുന്നന്താനത്ത് പുതിയ പ്ളാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ ജില്ലയിലെ ശുചീകരണ പ്രവർത്തനം ഫലപ്രദമായി നടത്താൻ കഴിയും.
ബീന പ്രഭ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |