
ഓമല്ലൂർ : കൊമ്പുകൾ വളർന്നുനീണ്ടത് കാരണം മലയാലപ്പുഴ രാജനും ഓമല്ലൂർ മണികണ്ഠനുമുള്ള ബുദ്ധിമുട്ടുകൾ മാറി. രണ്ടാനകളെയും ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിന് മുന്നിൽ കിടത്തി കൊമ്പുകളുടെ അഗ്രം മുറിച്ചു മാറ്റി. ഏകദേശം നാൽപ്പത് സെന്റിമീറ്റർ നീളത്തിലാണ് കൊമ്പുകൾ മുറിച്ചത്. ഏഴുവർഷം മുൻപ് രണ്ടാനകളുടെയും കൊമ്പുകൾ മുറിച്ചിരുന്നു. ഇതിനുശേഷം മൂന്നുതവണ കൊമ്പ് മുറിക്കാൻ അനുമതി ലഭിച്ചെങ്കിലും ആനകൾ മദപ്പാടിലായിരുന്നതിനാലും സ്ഥിരം പാപ്പാൻ ഇല്ലാതിരുന്നതിനാലും നടന്നില്ല. മുറിക്കുന്നതിന് മുൻപ് കൊമ്പുകളുടെ ആകെ അളവെടുത്തു. ഒരു മീറ്റററോളം നീളമുണ്ടായിരുന്നു. മുറിച്ച കൊമ്പുകൾ വനംവകുപ്പ് സൂക്ഷിക്കും.
കൊമ്പുകൾ മുറിച്ച് മിനുസപ്പെടുത്താൻ ഒരാനയ്ക്ക് മൂന്ന് മണിക്കൂർ സമയമെടുത്തു. വൈപ്പിൻ സ്വദേശി അജിനാണ് രണ്ടാനകളുടെയും കൊമ്പുകൾ മുറിച്ചത്. വെറ്റിറനറി ഡോക്ടർ ബിനു ഗോപിനാഥ് ആനകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു.
മുറിച്ചത് 25 കിലോ കൊമ്പ്
രണ്ടാനകളിൽ നിന്നും മുറിച്ച കൊമ്പിന്റെ തൂക്കം 25 കിലോയുണ്ട്. മലയാലപ്പുഴ രാജന്റെ കൊമ്പുകൾക്ക് 14 കിലോ തൂക്കം വരും. മണികണ്ഠന്റെ കൊമ്പുകൾ 11 കിലോയും. മുറിച്ചതിന് ശേഷം ആനയുടെ കൊമ്പുകൾ ചീകി മിനുസപ്പെടുത്തിയപ്പോഴുണ്ടായ തരികൾ ഒരു കിലോയുണ്ട്. മുറിച്ച കൊമ്പുകളും തരികളും വനംവകുപ്പ് ഗോഡൗണുകളിൽ സൂക്ഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |