SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

15 ഏക്കറിൽ വളമിടാൻ മൂന്നര മണിക്കൂർ ; അപ്പർകുട്ടനാട്ടിൽ ഡ്രോൺ വിപ്ളവം

drone

തിരുവല്ല : പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കോടങ്കേരി പാടത്ത് കർഷകർക്ക് സഹായമേകാൻ ഡ്രോൺ എത്തി. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പെരിങ്ങര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഡ്രോൺ ഉപയോഗിച്ചു വളപ്രയോഗം നടത്തിയത്. കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ സമ്പൂർണ്ണ എന്ന സൂക്ഷ്മ മൂലക മിശ്രിതമാണ് ഡ്രോൺ ഉപയോഗിച്ചു തളിച്ചത്. രാവിലെ 10.30യോടെ തുടങ്ങിയ വളമിടീൽ ഉച്ചകഴിഞ്ഞും തുടർന്നു. നെല്ലിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ഇരുമ്പ്, സിങ്ക്, മാംഗനീസ്, ബോറോൺ, മഗ്നീഷ്യം, സൾഫർ, മോളിബ്‌ഡിനം എന്നിവയാണ് സമ്പൂർണ്ണയിൽ അടങ്ങിയിട്ടുള്ളത്. വളപ്രയോഗം കാണാൻ കർഷകരും എത്തിച്ചേർന്നു. കർഷകരുടെ സംശയങ്ങൾക്കും അധികൃതർ മറുപടി നൽകി. ഡ്രോൺ ഉപയോഗിക്കുന്നതിലൂടെ സമയലാഭം, ധനലാഭം, തൊഴിലാളി ദൗർലഭ്യത്തിന് പരിഹാരം ഉൾപ്പെടെ ഒട്ടേറെ പ്രയോജനങ്ങൾ കർഷകർക്ക് ലഭിക്കുന്നു. അതേസമയം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ കീടനാശിനിയും കളനാശിനിയും ഡ്രോൺ ഉപയോഗിച്ച് തളിക്കുന്നതിന് അനുമതി നൽകിയിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. കൃഷി വിജ്‌ഞാനകേന്ദ്രം സബ്ജക്റ്റ് സ്പെഷലിസ്‌റ്റ് ഡോ.വിനോദ് മാത്യു, കൃഷി ഓഫീസർ ഡോ.അഞ്ചു മറിയം ജോസഫ്, കൃഷി അസിസ്റ്റന്റ് എസ്‌.എസ്.ഷിനോജ് എന്നിവർ നേതൃത്വം നൽകി. മുൻവർഷങ്ങളിലും സമാനരീതിയിൽ വളപ്രയോഗം നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL