
റാന്നി :നദികളിലെ മണൽ വാരൽ പുനരാരംഭിക്കുമെന്ന റവന്യു മന്ത്രിയുടെ പ്രഖ്യാപനം നടന്നില്ല. നദികളിൽ ഉൾക്കൊള്ളാവുന്നതിലധികം മണൽ കെട്ടിക്കിടക്കുകയാണ്. നദികൾക്ക് മിക്കയിടത്തും ആഴമില്ലാത്തതിനാൽ ഒരുദിവസം നീണ്ടുനിൽക്കുന്ന മഴ പോലും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന സ്ഥിതിയാണ്.
കഴിഞ്ഞ രണ്ടു പ്രളയങ്ങളിലായി ലക്ഷക്കണക്കിനു ടൺ മണലാണ് നദികളിൽ അടിഞ്ഞുകൂടിയിട്ടുള്ളത്. ഈ മണൽ നീക്കം ചെയ്യാത്തതു മൂലം മഴക്കാലത്ത് വെള്ളപ്പൊക്കവും വേനൽക്കാലത്ത് അതിവേഗ വരൾച്ചയും ഉണ്ടാകുന്നു. കിഴക്കൻ മേഖലയിലെ നദികളിൽ നിന്ന് മണൽ വാരി വിറ്റാൽ പഞ്ചായത്തിനും സർക്കാരിനും വലിയ സാമ്പത്തിക നേട്ടമുണ്ടാകും. മണൽ വാരുന്ന യൂണിയൻ തൊഴിലാളികൾക്കും ടിപ്പർ, പിക്കപ്പ് മുതലായ വാഹനങ്ങൾക്കും പ്രാദേശികമായി തൊഴിൽ ലഭിക്കും. നിർമ്മാണങ്ങൾക്ക് ആവശ്യമായ മണലും ലഭിക്കും.
മണൽ ഖനനത്തിന് സാദ്ധ്യതയുള്ളതായി സർക്കാരും കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ 32 നദികളിൽ നടത്തിയ സാന്റ് ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തിൽ കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണൽ ഖനന സാദ്ധ്യതയുള്ളത്. . മണൽ വാരൽ പുനരാരംഭിക്കുന്നതിലൂടെ പുഴകളെ സംരക്ഷിക്കാനും കഴിയുമെന്ന് കണ്ടെത്തിയുരുന്നു.
പെരുന്തേനരുവി ഡാം മണൽഖനി
പ്രളയത്തിൽ ലക്ഷക്കണക്കിന് ടൺ മണ്ണാണ് പെരുന്തേനരുവി ഡാമിൽ അടിഞ്ഞുകൂടിയത്. ഇതുമൂലം ഡാമിൽ പദ്ധതി പ്രകാരം നിർണയിച്ചിരിക്കുന്ന അളവിൽ വെള്ളം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഡാമിൽ മണ്ണ് നിറഞ്ഞുകിടക്കുന്നതിനാൽ ഏറ്റവും ദുരിതം അനുഭവിക്കുനത് കുരുമ്പൻമൂഴി നിവാസികളാണ്. ചെറിയമഴയിൽ പോലും കുരുമ്പൻമൂഴിയിലേക്കുള്ള കോസ്‌വേ വെള്ളത്തിനടിയിലാകുന്നത് ഡാമിൽ അടിഞ്ഞുകൂടിയ മണ്ണ് കാരണമാണ്. ഇതുമൂലം 400 ൽ പരം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത് . വെള്ളപ്പൊക്കം കഴിയുന്നതിനോടൊപ്പം ഡാമിന്റെ പ്രവർത്തനം നിലയ്ക്കാറുണ്ട്. പിന്നീട് മാസങ്ങളെടുത്ത് ചെറിയതോതിൽ മണ്ണ് നീക്കം ചെയ്തതിനു ശേഷമാണ് വൈദ്യുതി ഉല്പാദനം തുടരാൻ കഴിയുന്നത്. ഇതിനുമാത്രം കെ എസ് ഇ ബി വർഷം തോറും ലക്ഷങ്ങളാണ് ചെലവാക്കുന്നത്.
-----------------------------
മണൽവാരൽ നിരോധിച്ചിട്ട് 20 വർഷം
--------------------------------
മണൽ വാരൽ തുടങ്ങാൻ കഴിയുന്ന ജില്ലകൾ
പത്തനംതിട്ട
കൊല്ലം
തൃശൂർ
മലപ്പുറം
പാലക്കാട്
കണ്ണൂർ
കാസർഗോഡ്
എറണാകുളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |