SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

വല്ലാത്ത ചൂട്...

s

പത്തനംതിട്ട : കനത്ത വേനവേനലിൽ ചുട്ടുപൊള്ളുകയാണ് നാട്. പകൽ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി. നദികളും കിണറുകളും വറ്റിവരണ്ടുതുടങ്ങി. പനിയും തൊണ്ടവേദനയും നിർജലീകരണവുമായി വൈറൽ രോഗങ്ങളും തലപൊക്കിത്തുടങ്ങി. 33 ഡിഗ്രി ചൂടാണ് ഇന്നലെ ജില്ലയിൽ അനുഭവപ്പെട്ടത്.

കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുമ്പോൾ എങ്ങനെ വെള്ളം കൃഷിക്ക് ഉപയോഗിക്കാൻ കഴിയുമെന്നാണ് കർഷകരുടെ ആശങ്ക.

ഉപകനാലുകളിൽ വെള്ളം എത്താത്തതിനാൽ കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വെള്ളമില്ലാത്ത അവസ്ഥയാണ്.

സൂര്യാഘാതവും ഭീഷണിയാണ്. ഉയർന്ന ശരീര താപം, വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, നേർത്ത് നാഡിമിടുപ്പ്, തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവയാണ് സൂര്യാഘാതത്തിന്റെ അവസ്ഥ. ശക്തിയായ വിയർപ്പ്, വിളർത്ത ശരീരം, പേശീവലിവ്, ക്ഷീണം, തലകറക്കം, ഓക്കാനം, ഛർദി, ശ്വസന നിരക്ക് വർദ്ധിക്കുക എന്നിവയാണ് താപശരീര ശോഷണത്തിന്റെ ലക്ഷണങ്ങൾ.
ഈ സമയം ധാരാളം വെള്ളം കുടിക്കണം. വെയിലത്ത് കൂടുതൽ സമയം ജോലി ചെയ്യുന്നത് കുറയ്ക്കണം. സ്വയം ചികിത്സ നടത്താതെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായാൽ ഡോക്ടറെ സമീപിക്കണം.

കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളിൽ മാലിന്യങ്ങൾക്കും മറ്റും തീപിടിച്ചുണ്ടാകുന്ന പ്രാദേശികമായ തീപിടിത്തതിന് സാദ്ധ്യത കൂടുതലാണ്. കാട്ടുതീ പടരാനും സാദ്ധ്യതയുണ്ട്. വന പ്രദേശത്തും വഴിയോരങ്ങളിലും അലക്ഷമായി തീ കത്തിയ്ക്കുന്നത് തീപിടിത്ത സാദ്ധ്യതകൾ വർദ്ധിപ്പിക്കും.

ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ആഴ്ചയിൽ ഒരു ദിവസം എല്ലാ സ്ഥലത്തും വെള്ളമെത്തിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. എന്നാൽ പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പലയിടത്തും പാഴാകുന്നുണ്ട്. കിലോ മീറ്ററുകൾ നടന്ന് ശുദ്ധ ജലം ശേഖരിക്കുന്ന നിരവധിയാളുകൾ ജില്ലയിലുണ്ട്. വില നൽകി പുറത്ത് നിന്ന് വെള്ളം വാങ്ങുകയാണ് പലരും.

ഇന്നലെ 33 ഡിഗ്രി ചൂട്

കുടിവെള്ളമില്ല

കൃഷി നശിക്കുന്നു

തീപിടിത്ത സാദ്ധ്യത

പകർച്ച വ്യാധികൾ

പമ്പിംഗ് കാര്യക്ഷമമല്ല

പ്രമാടം : ജല അതോറിറ്റിയുടെ പൈപ്പ് വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങൾ പ്രമാടത്തുണ്ട്. എന്നാൽ വേനലിന്റെ കാഠിന്യം അനുസരിച്ച് പമ്പിംഗ് കാര്യക്ഷമമാക്കാിയിട്ടില്ല. വേനലിന്റെ തുടക്കത്തിൽത്തന്നെ ഇത്തവണ കുടിവെള്ള ക്ഷാമവും തുടങ്ങിയത് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. 102 കോടി രൂപയുടെ സമ്പൂർണ കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും ഇത്തവണ ഇതിന്റെ പ്രയോജനം ലഭിക്കില്ല.

ജില്ലയിലെ ഏ​റ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പ്രമാടം. 19 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രമാടത്ത് 35000ൽ കൂടുതൽ ജനസംഖ്യയുണ്ട്. അച്ചൻകോവിലാ​റ്റിലെ മറൂർ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള ജല വിതരണത്തിന്റെ പ്രയോജനം ജനങ്ങൾക്ക് ആവശ്യാനുസരണം ലഭിക്കുന്നില്ല. മഴക്കാലത്ത് പോലും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന മുണ്ടയ്ക്കമുരുപ്പ് തുടങ്ങിയ പ്രദേശങ്ങളും ഇവിടെയുണ്ട്. കാലപ്പഴക്കം കാരണം പ്രധാന പൈപ്പുലൈനുകൾ ഉൾപ്പെടെ പൊട്ടി കുടിവെള്ളം പാഴാകാറുണ്ട്.

വില്ലനായി മോട്ടോർ തകരാറും പൈപ്പ് പൊട്ടലും

ജല അതോറിറ്റിയുടെ മറൂർ പമ്പ് ഹൗസിലെ മോട്ടോറുകൾ ഇടയ്ക്കിടെ തകരാറിലാകുന്നതും പൈപ്പ് പൊട്ടലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മൂന്ന് മോട്ടോറുകളുണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് മിക്കപ്പോഴും പ്രവർത്തിപ്പിക്കുന്നത്. ഇത് ഉപയോഗിച്ച് പമ്പിംഗ് നടക്കന്നുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ മിക്ക ദിവസങ്ങളിലും ഇതിന്റെ പ്രയോജനം ലഭിക്കാറില്ല. മുന്നറിയിപ്പുകളില്ലാതെ കുടിവെള്ളം മുടങ്ങുന്നതും ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു. കാലാകാലങ്ങളിൽ പമ്പ് ഹൗസിന്റെ വിപുലീകരണത്തിന് തുക അനുവദിക്കാറുണ്ടെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് തുടർച്ചയായുള്ള തകരാറിന് കാരണമെന്നും ആക്ഷേപമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL