
കോന്നി : ഗുരു നിത്യ ചൈതന്യയതിയുടെ ജന്മനാട് ഗുരുവിന്റെ സ്മരണയിൽ ബഡ്ജറ്റ് പ്രഖ്യാപനത്തിന് നന്ദിപറയുകയാണ്. യതി സ്മാരകം എന്നത് നാടിന്റെ ദീർഘനാളായ ആവശ്യമായിരുന്നു. സ്മാരകത്തിന് 10 കോടി രൂപയാണ് അനുവദിച്ചത്. 7 കോടി രൂപ യതിയുടെ ജന്മനാടായ അരുവാപ്പുലത്ത് സാംസ്‌കാരിക സമുച്ചയവും 3 കോടി രൂപ അദ്ദേഹം ചെറുപ്പകാലത്ത് ധ്യാനമിരുന്ന കൂടൽ രാക്ഷസൻ പാറയിൽ യതി സ്മാരകവും ലൈബ്രറിയും സ്‌ഥാപിക്കുന്നതിനും ചെലവഴിക്കും. കൂടൽ രാക്ഷസൻ പാറയിൽ റവന്യൂ വകുപ്പിന്റെ സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയിട്ടുണ്ട്.
അദ്വൈതവേദാന്തദർശനത്തിലും ശ്രീനാരായണദർശനത്തിലും പണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യചൈതന്യ യതി.1924 ൽ പന്തളം രാഘവപണിക്കരുടെയും വാമാക്ഷിയമ്മയുടെയും മകനായി വകയാറിൽ ജനിച്ചു. ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര് . ശ്രീനാരായണഗുരുവിന്റെ ആത്മീയ ശൃംഖലയിൽ മൂന്നാമനായി കണക്കാക്കപ്പെടുന്നു. ശ്രീനാരായണഗുരുവിന്റെ പിൻഗാമിയായ നടരാജഗുരുവിന് ശേഷം ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും വക്താവുമായിരുന്നു നിത്യ ചൈതന്യയതി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഫിലോസഫിയിൽ എം.എ മികച്ച മാർക്കിൽ വിജയിച്ച ശേഷം കൊല്ലം ശ്രീനാരായണ കോളേജ്, ചെന്നൈ വിവേകാനന്ദ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. യു.എസ്, ആസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു. മലയാളത്തിൽ 120 ഉം, ഇംഗ്ലീഷിൽ 82 ഉം കൃതികൾ രചിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. രമണ മഹർഷിയിൽ നിന്നാണ് നിത്യ ചൈതന്യ എന്ന പേരിൽ സന്യാസം സ്വീകരിക്കുന്നത്. വർക്കല നാരായണഗുരു കുലത്തിന്റെയും, ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ബ്രഹ്മവിദ്യയുടെയും, ഊട്ടിയിലെ ഫെൺഹിൽ ആശ്രമത്തിന്റെയും ന്യൂഡൽഹിയിലെ സൈക്കോ സ്പിരിച്വൽ അക്കാദമിയുടെയും അധിപനുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |