
കോന്നി: നടുവത്തുമൂഴി റേഞ്ചിലെ തേക്കുതോട് മുണ്ടോമൂഴി വനമേഖലയിലെ തേക്കു പ്ലാന്റേഷനിൽ 30 വയസുള്ള കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം തണ്ണിത്തോട് റോഡിലെ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനും തണ്ണിത്തോട് മൂഴിക്കും ഇടയിൽ റോഡരികിൽ അവശനിലയിൽ കണ്ട പിടിയാനയാണ് ഇതെന്ന് വനപാലകർ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപത്ത് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന് സമീപം കാട്ടാന മണിക്കൂറുകളോളം കല്ലാറ്റിൽ നിലയുറപ്പിച്ചിരുന്നു. തുടർന്ന് ഒരു കുട്ടിയാനയും ഈ പിടിയാനയുടെ സമീപത്ത് എത്തിയിരുന്നു. ചരിഞ്ഞ പിടിയാന ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു. ഗർഭാശയ സംബന്ധമായ രോഗമാണ് ആന ചരിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |