
പമ്പ : നിലയ്ക്കലിൽ പാർക്കിംഗ് ഗ്രൗണ്ടിന് സമീപം കാറിലേക്ക് വാൻ ഇടിച്ചു കയറി ദർശനം കഴിഞ്ഞ് മടങ്ങിയ ആറു ശബരിമല തീർത്ഥാടകർക്ക് പരിക്കേറ്റു. കാറിൽ സഞ്ചരിച്ച തിരുവനന്തപുരം വെള്ളനാട് ചന്ദ്രവിലാസത്തിൽ സെൻ (19), കുളത്തുങ്കര വീട്ടിൽ അനിക്കുട്ടൻ (18), വിപിത ഭവനിൽ സായന്ത് (18), വൈകുണ്ഠത്തിൽ മിഥുൻ (19), വിളപ്പിൽശാല ചേവല്ലൂർ വിപിൻ (30), അനിരുദ്ധ് (8) എന്നിവർക്കാണ് പരിക്കേറ്റത്. നിലയ്ക്കൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സകൾക്ക് ശേഷം പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. ഇന്നലെ രാവിലെ 10നായിരുന്നു അപകടം. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പുറത്തേക്കുവന്ന വാൻ മുന്നിൽ സഞ്ചരിച്ച കാറിനുപിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം നഷ്ടമായ കാർ പ്ലാപ്പള്ളി - പമ്പ പാതയിലെ ക്രാഷ് ബാരിയറിൽ ഇടിച്ചു. വാനിനും ക്രാഷ് ബാരിയറിനും ഇടയിലായി ഞെരിഞ്ഞമർന്ന നിലയിലായിരുന്നു കാർ. പുറത്തിറങ്ങാനാവാതെ കാറിനുള്ളിൽ യാത്രക്കാർ കുടുങ്ങി. ഫയർഫോഴ്സ് സേനാംഗങ്ങൾ 45 മിനിറ്റ് നടത്തിയ ശ്രമത്തെ തുടർന്നാണ് ആറുപേരെയും പുറത്തെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |