
വള്ളിക്കോട് : വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ വള്ളിക്കോട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ ശുദ്ധജലക്ഷാമം അതിരൂക്ഷമാണ്. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് കുറഞ്ഞതും ജലാശയങ്ങളും കിണറുകളും വറ്റിയതുമാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണം. എന്നാൽ ബഥൽ സംവിധാനം ഒരുക്കാൻ പഞ്ചായത്ത് തയ്യറായിട്ടില്ലെന്ന പരാതി വ്യാപകമാണ്.
അതേസമയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികളും വ്യാപകമാണ്. ഉയർന്ന പ്രദേശങ്ങളിലുള്ളവർ കിലോമീറ്ററുകൾ താണ്ടിയും പണം നൽകിയുമാണ് കുടിവെള്ളം ലഭ്യമാക്കുന്നത്.
ഒരു മോട്ടോർ മാത്രം
വള്ളിക്കോട് ശുദ്ധജല വിതരണ പദ്ധതിയുടെ ബൂസ്റ്റർ ടാങ്ക് പനയംകുന്ന് മുരുപ്പിലാണ്. ഇവിടെ ഒരു മോട്ടോർ മാത്രമാണ് പ്രവർത്തിക്കുന്നത്. രണ്ട് മോട്ടോറുകളാണ് ഉണ്ടായിരുന്നത്. കേടായ മോട്ടോറിന് പകരം അഞ്ച് മാസം മുമ്പ് ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പുതിയത് വാങ്ങിയെങ്കിലും പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശങ്ങൾ:
നരിയാപുരം, വാഴമുട്ടം, കാഞ്ഞിരപ്പാറ, കിടങ്ങേത്ത്, ഭുവനേശ്വരം, തേക്കുംകൂട്ടത്തിൽ.
ടാങ്കറുകളിൽ വെള്ളം എത്തിക്കണം : കോൺഗ്രസ്
ശുദ്ധജലക്ഷാമം രൂക്ഷമായ സഹാചര്യത്തിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വെള്ളം എത്തിക്കും
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളം എത്തിക്കാൻ പഞ്ചായത്ത് ഭരണ സമിതി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് കൂടുതൽ കാര്യക്ഷമമാക്കും. ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നതിനൊപ്പം ജലഅതോറിറ്റിയുടെ പമ്പിംഗും കൂടുതൽ കാര്യക്ഷമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആർ.മോഹനൻ നായർ,
വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |