
കോഴഞ്ചേരി : ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകളിലും റാന്നി പഞ്ചായത്തിലെ 11,12 ,13 വാർഡുകളിലും കുടിവെള്ളമെത്തിക്കുന്നതിനായി തുടക്കമിട്ട കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായില്ല. ജൽ ജീവൻ മിഷന്റെ ഭാഗമായി 2022ൽ പദ്ധതി ആരംഭിച്ചെങ്കിലും വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന പണികളിൽ ഒതുങ്ങി. ഇതും പൂർണമായില്ല. പുതമണ്ണിന് സമീപം പമ്പാനദിയിലെ കിണറിൽ നിന്ന് വെള്ളം പമ്പുചെയ്ത് 10 ലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റിൽ ശുദ്ധീകരിച്ച് മഞ്ഞപ്രമല , അന്ത്യാളൻ കാവ് , തോന്ന്യാമല, കണമുക്ക് ടാങ്കുകളിൽ എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിനായി 190 കിലോമീറ്റർ നീളത്തിൽ വിതരണ പൈപ്പുകൾ സ്ഥാപിക്കേണ്ടിവരും. ശുദ്ധീകരണ പ്ളാന്റിനായും വാട്ടർ ടാങ്കുകൾ പണിയുന്നതിനും സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ തുടർന്നുവരുകയാണ്. വസ്തു ഉടമകൾക്ക് പണം നല്കി പഞ്ചായത്തിന് ഭൂമി കൈമാറിയെങ്കിൽ മാത്രമേ പണികൾ തുടങ്ങാൻ കഴിയൂ. മൂന്നു പഞ്ചായത്തുകളിലായി 8000 ഓളം വീടുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ഫണ്ടും വകയിരുത്തിയാണ് പദ്ധതി വിഭാവനം ചെയ്തത്.
കുടിവെള്ളം എത്തുന്നത് 8000 വീടുകളിൽ
പദ്ധതി ചെലവ് : 89.61 കോടി
89.61 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ 45 ശതമാനം കേന്ദ്ര സർക്കാർ വിഹിതമാണ്. 15 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും 30 ശതമാനം സംസ്ഥാന വിഹിതവും 10 ശതമാനം ഉപഭോക്തൃ വിഹിതവുമാണ്.
തടസമായത് സാമ്പത്തികം
എം.എൽ.എ ഫണ്ടും എം.പി ഫണ്ടും സ്വീകരിച്ചും മറ്റു പദ്ധതി ഫണ്ടുകൾ ഗവൺമെന്റ് അംഗീകാരത്തോടുകൂടി ചെലവാക്കിയും വേണം പഞ്ചായത്ത് വിഹിതവും പദ്ധതി ചെലവുകളും കണ്ടെത്താൻ. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും പദ്ധതി പ്രതിസന്ധിയിലാക്കി. പൂർത്തിയാക്കിയ പണികളുടെ ബില്ല് മാറി നല്കാത്തതിനാൽ കരാറുകാർ നിസഹകരണം തുടരുന്നതും തടസമായി. ഉപഭോക്തൃവിഹിതം കണ്ടെത്തുന്നതിലും തീരുമാനമായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |