
പത്തനംതിട്ട : സമയം : ഇന്നലെ രാവിലെ 5.50. ഡബിൾ ബെല്ല് മുഴങ്ങിയതോടെ പുനലൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് പത്തനംതിട്ട ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് നിറയെ യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് കുതിച്ചു. അഞ്ച് കിലോമീറ്റർ പിന്നിട്ട് ബസ് കരവാളൂർ എത്തിയിട്ടും ടിക്കറ്റെടുക്കാൻ കണ്ടക്ടറെ കാണാതായപ്പോൾ ഒരു യാത്രക്കാരന് സംശയം. വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. ബസിൽ കണ്ടക്ടർ ഇല്ല. ആശങ്കയായി, പരിഭ്രമമായി. ബസ് നിറുത്തി, ഡ്രൈവർ ഫോണിൽ കണ്ടക്ടറെ വിളിച്ചു. ആശ്വാസമായി മറുതലയ്ക്കൽ കണ്ടക്ടറുടെ ശബ്ദം. പിന്നാലെ വരുന്ന നെടുങ്കണ്ടം - തിരുവനന്തപുരം ബസിൽ താനുണ്ടെന്നും ഉടനെത്തുമെന്നും മറുപടി.
ഇന്നലെ രാവിലെ 4.30ന് കോന്നി - കരിമാൻതോട് നിന്ന് പുറപ്പെട്ട തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു ഈ നാടകീയ സംഭവം. ബസ് പുനലൂർ ഡിപ്പോയിലെത്തിയപ്പോൾ കണ്ടക്ടർ ഇറങ്ങി ഓഫീസിലേക്ക് കയറിയ നേരം യാത്രക്കാരിലാരോ ഡബിൽ ബെല്ലടിച്ചു. ബസ് പുറപ്പെടാനുള്ള നിർദേശമാണെന്ന് കരുതിയ ഡ്രൈവർ വാഹനം സ്റ്റാർട്ട് ചെയ്തു യാത്ര തുടരുകയായിരുന്നു. ആശങ്കകൾക്ക് വിരാമമിട്ട് ഏറെ നേരത്തിന് ശേഷം പിന്നാലെ വന്ന ബസിൽ കരവാളൂരിൽ കണ്ടക്ടർ എത്തിയതോടെ പത്തനംതിട്ട ഡിപ്പോയുടെ ബസ് തിരുവനന്തപുരത്തേക്ക് കുതിച്ചു.
അതേസമയം കണ്ടക്ടർ എത്തുംവരെ അടുത്ത ഡിപ്പോയിൽ ബസ് പിടിച്ചിടാനുള്ള നിർദേശം ഇതിനിടെ കെ.എസ്.ആർ.ടി.സി അധികൃതർ നൽകിയിരുന്നു. സംഭവത്തെ കുറിച്ച് വിശദീകരണം തേടുമെന്ന് അധികൃതർ അറിയിച്ചു.
ബസ് പിടിച്ചിടുന്നതായി പരാതി
കരിമാൻതോട് നിന്ന് തിരുവനന്തപുരത്തിന് പോകുന്ന പത്തനംതിട്ട ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് പുനലൂരിൽ പിടിച്ചിടാറുണ്ടെന്നും പുനലൂരിൽ നിന്ന് തിരുവനന്തപുരത്തിന് പോകുന്ന സൂപ്പർ ഫാസ്റ്റ് പുറപ്പെട്ടതിന് ശേഷമേ കരിമാൻതോട് ബസ് പുറപ്പെടാൻ അനുവദിക്കുവെന്നും യാത്രക്കാരുടെ പരാതിയുണ്ട്. മെഡിക്കൽ കോളേജിലും സെക്രട്ടേറിയറ്റിലും പോകുന്ന നിരവധി പേർ ആശ്രയിക്കുന്ന ബസാണിത്. കുറച്ചുനാൾ മുടങ്ങിക്കിടന്ന സർവീസ് അടുത്തിടെയാണ് പുനരാരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |