SignIn
Kerala Kaumudi Online
Thursday, 22 October 2026 5.03 PM IST

സർക്കാർ സമിതിയുടെ ശുപാർശ, ജില്ലയിലെ റേഷൻ കടകൾക്ക് പൂട്ട് വീഴുമോ ?

ration

പത്തനംതിട്ട : റേഷൻ വ്യാപാരികളുടെ വേതന വർദ്ധന ഉൾപ്പെടെ പഠിക്കാൻ നിയോഗിച്ച സർക്കാർ സമിതി സംസ്ഥാനത്ത് നാലായിരത്തോളം കടകൾ അടച്ചു പൂട്ടണമെന്ന് ശുപാർശ ചെയ്തത് ജില്ലയിലെ റേഷനിംഗ് സംവിധാനത്തെ പ്രതിസന്ധിയിലാക്കും. ശുപാർശ പ്രകാരം ജില്ലയിലെ നൂറോളം റേഷൻ കടകൾ പൂട്ടേണ്ടിവരുമെന്ന് വ്യാപാര സംഘടനാ പ്രതിനിധികൾ പറഞ്ഞു. വിൽപ്പന കുറഞ്ഞ കടകൾ പൂട്ടാനും ബാക്കി കടകൾ നടത്തുന്നവർക്ക് കമ്മിഷൻ വർദ്ധിപ്പിക്കാനുമാണ് റേഷനിംഗ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിർദേശം. ഇതു നടപ്പാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞിട്ടുണ്ടെങ്കിലും വ്യാപാരികൾ ആശങ്കയിലാണ്. ഏറ്റവും കൂടുതൽ കടകൾ പൂട്ടേണ്ടി വരുന്നത് പത്തനംതിട്ടയിലാകുമെന്ന് അവർ പറയുന്നു. ഒരു കടയിൽ എണ്ണൂറിൽ കുറയാത്ത കാർഡുകൾ ഉണ്ടാകണമെന്നും കുറഞ്ഞത് 45 ക്വിന്റൽ അരി വിറ്റുപോകണമെന്നുമാണ് സമിതിയുടെ ശുപാർശകളിൽ പ്രധാനം. ജില്ലയിലെ ഒരു റേഷൻ കടയിൽ ശരാശരി നാനൂറിൽ താഴെയാണ് കാർഡുകളുടെ എണ്ണം. ഇരുപത്തഞ്ച് വർഷം മുൻപ് തുടങ്ങിയ റേഷൻ കടകളിൽ ഇത്രയും കാർഡുടമകളാണുള്ളത്. പല പഞ്ചായത്തുകളിലും ഒരുവാർഡിൽ ഒന്നിലധികം റേഷൻ കടകളുണ്ട്. ഇലന്തൂർ പഞ്ചായത്ത് ആറാം വാർഡിൽ നാല് കടകളാണുള്ളത്. ചില വാർഡുകളിൽ റേഷൻ കടകളില്ല.

മലയോരം ആശങ്കയിൽ

മലയോര മേഖലയിൽ കാർഡ് ഉടമകളുടെ എണ്ണം മാനദണ്ഡമാക്കിയല്ല റേഷൻ കടകളുടെ പ്രവർത്തനം. ഭൂപ്രകൃതിയുടെ പ്രത്യേകതയാണ് മാനദണ്ഡമാക്കുക. ചില കടകളിൽ മുന്നൂറിൽ താഴെയാണ് കാർഡ് ഉടമകൾ. പുതിയ ശുപാർശ അനുസരിച്ച് ചില കടകൾ പൂട്ടേണ്ടി വന്നാൽ മലയോര ജനത റേഷൻ വാങ്ങാൻ അടുത്ത കടയിലേക്ക് പോകാൻ ദൂരങ്ങൾ താണ്ടണം. കാർഡ് ഉടമകൾക്ക് ഏതു കടകളിൽ നിന്നുവേണമെങ്കിലും റേഷൻ വാങ്ങാമെന്ന വ്യവസ്ഥയുണ്ട്.

റേഷൻ കടകൾ പൂട്ടാനുള്ള നിർദേശം നിരവധി കുടുംബങ്ങളെ ബാധിക്കും. സബ്സിഡി സാധനങ്ങൾ റേഷൻ കടകളിലൂടെ വിറ്റാൽ വരുമാനക്കുറവ് പരിഹരിക്കാം.

എം.ബി സത്യൻ,

കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്സ്

അസാേസിയേഷൻ ജില്ലാ പ്രസിഡന്റ്

റേഷൻ കാർഡ് ഉടമകളെ കോർപ്പറേറ്റ് മൊത്തവില വ്യാപാര സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാനുള്ളതാണ് ശുപാർശകൾ.

ജോൺസൺ വിളവിനാൽ,

കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

സംസ്ഥാന വൈസ് പ്രസിഡന്റ്.

ജില്ലയിലെ ആകെ റേഷൻ കടകൾ : 780

വിവിധ താലൂക്കുകളിൽ

അടൂർ : 166

കോന്നി : 141

കോഴഞ്ചേരി : 137

തിരുവല്ല : 131

റാന്നി : 118

മല്ലപ്പള്ളി : 87

ജില്ലയിലെ ആകെ കാർഡ് ഉടമകൾ 3,64, 582

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL